തൊടുപുഴ കെഎസ്ആർടിസി : ഡിപ്പോയിൽ ബസുണ്ട്; ഓടിക്കാൻ ആളില്ല
1425276
Monday, May 27, 2024 2:35 AM IST
തൊടുപുഴ: വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നിലവിലുള്ള സർവീസുകൾ പോലും ഓടിക്കാൻ കഴിയാതെ തൊടുപുഴ കെഎസ് ആർടിസി ഡിപ്പോ അധികൃതർ. സർവീസ് നടത്താൻ ബസുകൾ ഉണ്ടെങ്കിലും വാഹനത്തിൽ പോകാൻ ഡ്രൈവർമാരില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
25 ഡ്രൈവർമാരുടെ കുറവാണ് നിലവിൽ തൊടുപുഴ ഡിപ്പോയിൽ ഉള്ളത്. പല ഡ്രൈവർമാരും അവധി എടുക്കാതെ തുടർച്ചയായി ഡ്യൂട്ടിക്ക് എത്തുന്നതിനാലാണ് സർവീസുകൾ പലതും മുടക്കം കൂടാതെ പോകുന്നത്.
ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചതിന്റെ പേരിൽ ഏതാനും ഡ്രൈവർമാരെ അടുത്ത നാളിൽ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. ഒരു ഡ്രൈവർ വന്നില്ലെങ്കിൽ പകരം നിയോഗിക്കാൻ ആളില്ലാത്തതാണ് പല സർവീസുകളും മുടങ്ങാൻ കാരണം.
അതേസമയം തലേ ദിവസം മദ്യപിച്ചവരെ പരിശോധിച്ചാണ് നടപടി എടുക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ആൽക്കഹോളിന്റെ അളവ് 10ൽ താഴെ ഉള്ളവരെ വരെ സസ്പെൻഡ് ചെയ്ത നടപടി പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. ഹോമിയോ ഗുളിക കഴിച്ച ഡ്രൈവറെയും കഴിഞ്ഞ ദിവസം ആൽക്കഹോളിന്റെ പേരിൽ പിടികൂടിയതായി ജീവനക്കാർ ആരോപിക്കുന്നു.
തൊടുപുഴ മേഖലയിൽ ഗ്രാമീണ റൂട്ടുകളിൽ സർവീസ് ആരംഭിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാദുരിതം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിനു രണ്ട് വർഷത്തിലേറെ പഴക്കമുണ്ട്.
എന്നാൽ പുതിയ സർവീസ് ആരംഭിക്കാൻ നടപടിയില്ലെന്ന് മാത്രമല്ല നിലവിൽ ഇത്തരം റൂട്ടുകളിൽ ഓടുന്ന ബസുകൾ പോലും കൃത്യമായി സർവീസ് നടത്താൻ കഴിയുന്നില്ല.
മികച്ച കളക്ഷൻ ലഭിക്കുന്ന എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസും വൈക്കം, ചേലച്ചുവട് റൂട്ടുകളിലെ ഓർഡിനറി ബസുകളും ഡ്രൈവർമാരില്ലെന്ന കാരണത്താൽ പതിവായി മുടങ്ങുകയാണ്.
നാല് ബസുകൾ മുടങ്ങുന്നത് വഴി ദിവസം 60,000 രൂപയുടെ കളക്ഷൻ കുറവാണ് തൊടുപുഴയുടെ വരുമാനത്തിൽ ഉണ്ടാകുന്നത്.
തൊടുപുഴ ഡിപ്പോയിൽനിന്ന് ഉണ്ടായിരുന്ന ഒരു ഡസനിലേറെ ഓർഡിനറി സർവീസുകൾ കോവിഡിനെ തുടർന്ന് മൂന്നു വർഷം മുൻപ് നിർത്തലാക്കിയതാണ്. ഇവിടെയുണ്ടായിരുന്ന ബസുകളും മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടു പോയി. സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തിയെങ്കിലും നേരത്തേ ഓടിച്ചിരുന്ന ചില റൂട്ടുകളിൽ പേരിനു മാത്രം ഏതാനും ട്രിപ്പുകൾ മാത്രം ഓടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
തൊടുപുഴയിൽ കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെഎസ്്ആർടിസി ഡിപ്പോ ഉദ്ഘാടനം ചെയ്തിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഇവിടേക്ക് പുതിയ ബസുകൾ എത്തിക്കുന്നതിനോ നിലവിൽ ഉണ്ടായിരുന്ന ഗ്രാമീണ സർവീസുകൾ പുനഃരാരംഭിക്കുന്നതിനോ ഉള്ള നടപടികൾ ഉണ്ടാകുന്നില്ല.
പുതിയ ഡിപ്പോ ഉദ്ഘാടന വേളയിൽ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം പഴയ ഓർഡിനറി സർവീസുകളും ദീർഘദൂര സർവീസുകളും പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചതാണ്. ഇതെല്ലാം പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി.
അഞ്ചിരി ആനക്കയം, മുള്ളരിങ്ങാട്, ചെപ്പുകുളം, മണക്കാട് -മൂവാറ്റുപുഴ, ഏഴല്ലൂർ, മേത്തൊട്ടി തുടങ്ങിയ റൂട്ടുകളിലാണ് യാത്ര ദുരിതം ഏറെ. സ്വകാര്യ ബസുകളെ ഒഴിവാക്കി കെഎസ്ആർടിസി കുത്തകയാക്കിയ വൈക്കം റൂട്ടിലും യാത്രക്കാർക്ക് ദുരിത യാത്രയാണ്.