കുടിവെള്ളക്ഷാമം പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1425504
Tuesday, May 28, 2024 6:27 AM IST
ഇടുക്കി: വണ്ടിപ്പെരിയാർ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരു മാസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പീരുമേട് ജല അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
ജലവിഭവ വകുപ്പിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വണ്ടിപ്പെരിയാർ ഭാഗത്തു നിലവിൽ കുടിവെള്ള വിതരണം മുടക്കം കൂടാതെ നടക്കുന്നുണ്ടെന്നും അഴുത ബ്ലോക്ക് പഞ്ചായത്ത് നൽകിയ 20,20,200 രൂപ ഉപയോഗിച്ച് വണ്ടിപ്പെരിയാർ സോഴ്സിൽ ശേഷി കൂടിയ പന്പ് സ്ഥാപിക്കാൻ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്നും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തണമെന്നും പരാതിക്കാരനായ ഡോ. ഗിന്നസ് മാടസാമി ആവശ്യപ്പെട്ടു. കുടിവെള്ളം പ്രദേശവാസികളുടെ നിഷേധിക്കാനാവാത്ത മൗലികാവകാശമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
സാങ്കേതിക പ്രശ്നം കൊണ്ടുമാത്രമാണോ നിലവിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതെന്ന വസ്തുത പരിശോധിച്ച് ഉചിതമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.