വിടവാങ്ങിയത് നാടിന്റെ വികസന നായകൻ
1425505
Tuesday, May 28, 2024 6:27 AM IST
ശാന്തിഗ്രാം: പൊതുപ്രവർത്തകനും സഹകാരിയും സാധുജന ക്ഷേമ തത്പരനും നാടിന്റെ വിസന പ്രക്രിയകളിൽ കൈയും മെയ്യും മറന്ന് നേതൃത്വം നൽകുകയും ചെയ്ത ശാന്ത്രിഗ്രാം പുളിക്കിയിൽ സ്കറിയയെന്ന സ്കറിയാച്ചേട്ടൻ ഓർമയായി.
ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റായി 25 വർഷം സേവനമനുഷ്ഠിച്ച ഇദ്ദേഹം ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്കിനും സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, അങ്കണവാടി, സെന്റ് ജൂഡ് കപ്പേള തുടങ്ങിയവയ്ക്കും സൗജന്യമായി സ്ഥലം സംഭാവനചെയ്ത് നാടിന്റെ വികസനങ്ങൾക്ക് നേതൃത്വം നൽകി.
2019ൽ പ്രളയ ബാധിതർക്ക് വീടു വയ്ക്കുന്നതിനായി ഇടുക്കി രൂപതയുടെ ഭൂ ബാങ്കിലേക്ക് രണ്ട് ഹൗസ് പ്ലോട്ടുകൾ സംഭാവനചെയ്തു. രാഷ്ട്രീയത്തിലും സജീവമായിരുന്ന സ്കറിയാച്ചേട്ടൻ കേരള കോണ്ഗ്രസ് - എം ഇരട്ടയാർ മണ്ഡലം പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. ശാന്തിഗ്രാമിലെ ഇരട്ടയാർ ഗവ. ഹൈസ്കൂൾ (ഇപ്പോഴത്തെ ശാന്ത്രിഗ്രാം ഇംഗ്ലീഷ് മീഡിയം സ്കൂൾ) ആരംഭിക്കുന്നതിനും കെട്ടിടം നിർമിക്കുന്നതിനും നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു. ആദ്യകാല കുടിയേറ്റ കർഷകനായ ഇദ്ദേഹം അടുത്തകാലം വരെ കൃഷിയിലും സജീവമായിരുന്നു. ഇന്ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളിയിലെ സംസ്കാരത്തിനു ശേഷം ശാന്തിഗ്രാം ജംഗ്ഷനിൽ അനുസ്മരണ യോഗവും ചേരും.