ഇടുക്കി മെഡിക്കൽ കോളജ്: മന്ത്രിതല ചർച്ച വിജയം; സമരം ഇന്ന് പിൻവലിച്ചേക്കും
1425510
Tuesday, May 28, 2024 6:27 AM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ നടത്തിവരുന്ന രാപ്പകൽ സമരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഇന്ന് പിൻവലിച്ചേക്കും.
ഇന്നലെ രാവിലെ 10 ന് തിരുവനന്തപുരത്ത് വിദ്യാർഥികൾ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച വിജയകരമായിരുന്നുവെന്ന് വിദ്യാർഥി പ്രതിനിധികൾ അറിയിച്ചു. പ്രധാന ആവശ്യമായിരുന്ന ലാബിന്റെ നിർമാണം ജൂൺ 25ന് മുമ്പായി പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
വിദ്യാർഥികളുടെ ഹോസ്റ്റലിന്റെ നിർമാണം ഓഗസ്റ്റ് ഒന്നിന് മുമ്പായി തീർക്കുമെന്നും മറ്റ് ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി വിദ്യാർഥികൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
ഇത്തവണ മന്ത്രി നൽകിയിരിക്കുന്ന ഉറപ്പ് പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. വിദ്യാർത്ഥികളുമായി മന്ത്രി നടത്തിയ ചർച്ചക്കുശേഷം ഡി എംഇ ഉദ്യോഗസ്ഥരും ഇടുക്കി മെഡിക്കൽ കോളജിന്റെ നിർമാണ ചുമതലയുള്ള കിറ്റ് കോയുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ വിവരംകൂടി ലഭിച്ചശേഷം ഇന്ന് സമരം അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് വിദ്യാർഥി പ്രതിനിധികൾ അറിയിച്ചു. നിലവിൽ സമരം തുടരുകയാണെന്നും ഇവർ പറഞ്ഞു.മെഡിക്കൽ വിദ്യാർഥികളുടെ രാപ്പകൽ സത്യാഗ്രഹസമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടക്കും.
ഹോസ്റ്റൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം
ഇടുക്കി: മെഡിക്കൽ കോളജിലെ ഹോസ്റ്റൽ നിർമാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് നിർദേശം നൽകി. പ്രതിദിനം അൻപത് വീതം ജോലിക്കാരെ നിർത്തി രണ്ട് മാസത്തിനകം കരാർ കന്പനി നിർമാണം പൂർത്തീകരിക്കണം. പ്രവൃത്തികളുടെ മുൻഗണനാക്രമം നിശ്ചയിച്ച് പട്ടിക തയാറാക്കി ഇടുക്കി സബ്കളക്ടർ ഡോ. അരുണ്‍ എസ്. നായർക്ക് നൽകുകയും വേണം.
മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ലാബിലെ നിർമാണ ജോലികൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനും ലക്ചർ ഹാളിൽ ലൈറ്റും ഫാനും ഘടിപ്പിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി 24 മണിക്കൂറിനുള്ളിൽ സമർപ്പിക്കാനും കരാർ കന്പനിയായ കിറ്റ്കോയ്ക്ക് കളക്ടർ നിർദ്ദേശം നൽകി.
മെഡിക്കൽ കോളജിലെ അടിസ്ഥാന പ്രശ്നങ്ങൾ ആശുപത്രിയിലെ വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ വിശദീകരിച്ചു. അക്കാദമിക് ബ്ലോക്കിൽ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്താനാവുമോ എന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തോട് ആവശ്യപ്പെടും. ഫോറൻസിക് വിഭാഗത്തിനായി മോർച്ചറിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി വികസന സമിതിക്ക് നിർദേശം നൽകി. യോഗത്തിൽ ഇടുക്കി സബ്കളക്ടർ ഡോ .അരുണ്‍ എസ് നായർ, മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ചുമതലയുള്ള ഡോ. ദേവകുമാർ, സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് എന്നിവർ പങ്കെടുത്തു.