പോക്സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു : സംഭവം തൊടുപുഴ പോലീസ് സ്റ്റേഷനിൽ
1428975
Thursday, June 13, 2024 3:47 AM IST
തൊടുപുഴ: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തയാൾ പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്കു ശ്രമിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പരിക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീട്ടിൽ ലൈംഗിക ചൂഷണത്തിനിരയായെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒരു വർഷം മുന്‍പ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്നങ്ങൾ കാട്ടിയതോടെ നടത്തിയ കൗണ്‍സലിംഗിലാണ് വീട്ടിൽ വച്ച് വീണ്ടും ശാരീരിക ഉപദ്രവമുണ്ടായതായി വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ മാതാവ് സിഡബ്ല്യുസിയിൽ പരാതി നൽകി.
ഇവരുടെ നിർദേശപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ നെഞ്ചുവേദനയുണ്ടായ പ്രതിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനിടെയായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.