ദാരിദ്ര്യ-രോഗ നിവാരണ ഫണ്ട് സമാഹരിച്ച് ഡൽഹി ക്നാനായ കാത്തലിക് മിഷൻ ചാപ്ലിയൻസി
1428984
Thursday, June 13, 2024 4:01 AM IST
ചെറുതോണി: ദാരിദ്ര്യവും രോഗവും മൂലം ക്ലേശിക്കുന്നവരെ സഹായിക്കുന്നതിനായി ഡൽഹി ക്നാനായ കാത്തലിക് മിഷൻ ചാപ്ലിയൻസിയിലെ മൂന്ന് ഇടവക കൂട്ടായ്മകളിൽനിന്ന് നോമ്പുകാല ധനസമാഹരണം നടത്തി. അവിടെ ശുശ്രൂഷ ചെയ്തിരുന്ന വൈദികരുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ധനസമാഹരണ തുക കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ്് സൊസൈറ്റിക്ക് കൈമാറി.
ദിൽഷാദ് ഗാർഡൻ, വസന്ത് കുഞ്ച്, ഹരിനഗർ എന്നീ ഇടവകകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഫാ. സ്റ്റീഫൻ വെട്ടുവേലിൽ, ഫാ.മാത്യു കുളക്കാട്ടുകുടിയിൽ, ഫാ. സാമുവൽ ആനിമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്.
സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ഗ്രീൻവാലി ഡെവലപ്മെന്റ്് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്തിന് ഫാ. സ്റ്റീഫൻ വെട്ടുവേലിൽ, ഫാ. മാത്യു കുളക്കാട്ടുകുടിയിൽ എന്നിവർ ജിഡിഎസ് പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ടിലിന്റെ സാന്നിധ്യത്തിൽ കൈമാറി.
ജിഡിഎസിന്റെ പടമുഖം ഫൊറോനയിലെ നിർധന കുടുംബങ്ങളിൽ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്കും ദാരിദ്ര്യ-രോഗ നിവാരണ പ്രവർത്തനങ്ങൾക്കുമായി ഈ തുക വിനിയോഗിക്കുമെന്ന് ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് പറഞ്ഞു.