ലയങ്ങളുടെ നവീകരണം അനിശ്ചിതത്വത്തിൽ; നെഞ്ചിടിപ്പോടെ തൊഴിലാളികൾ
1429186
Friday, June 14, 2024 3:43 AM IST
ഉപ്പുതറ: ലയങ്ങളുടെ നവീകരണത്തിന് സർക്കാർ അനുവദിച്ച 20 കോടി രൂപ സംബന്ധിച്ച് തൊഴിൽ വകുപ്പിനും പ്ലാന്റേഷൻ ഡയറക്ടറേറ്റിനും ഇപ്പോഴും വ്യക്തതയില്ല. രണ്ടു ബജറ്റുകളിലായി 20 കോടി രൂപയാണ് സംസ്ഥാന സർക്കാർ ലയങ്ങളുടെ നവീകരണത്തിന് വകയിരുത്തിയത്.
തൊഴിൽ വകുപ്പിന്റെ മേൽനോട്ടത്തിൽ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ജില്ലാ നിർമിതികേന്ദ്രം നവീകരണച്ചുമതല ഏറ്റെടുത്തതായി പ്രഖ്യാപനവും ഉണ്ടായെങ്കിലും ഇതുവരെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയില്ല.
പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും സർക്കാർ അനുമതി കിട്ടിയാൽ നടപ്പാക്കും എന്നാണ് പ്ലാന്റേഷൻ ഡയറക്ടറേറ്റ് നൽകുന്ന മറുപടി. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ്വാമിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അനുവദിച്ച ഫണ്ട് പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന തോട്ടങ്ങളിലെ തകർച്ചയിലായ ലയങ്ങൾ നവീകരിക്കാൻ മാനേജ്മെന്റുകൾക്ക് സബ്സിഡി നൽകുമെന്ന് ഡറക്ടറേറ്റ് വാക്കാൽ പറയുന്നു. എന്നാൽ, ഇക്കാര്യം രേഖാമൂലം നൽകാൻ തയാറാകുന്നില്ല.
വർഷങ്ങളായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങളാണ് സംസ്ഥാനത്ത് ഏറ്റവുമധികം തകർച്ചിലായത്. അനുവദിച്ച ഫണ്ട് ഇത്തരം ലയങ്ങൾ നവീകരിക്കാൻ പ്രയോജനപ്പെടുത്തുമോ എന്ന കാര്യത്തിലും സർക്കാർ വകുപ്പുകൾക്ക് മറുപടിയില്ല.
തിരുവനന്തപുരം ജില്ലയിലെ ബോണക്കാട്, ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിലെ ചീന്തലാർ, ലോൺട്രി, കോട്ടമല , ബോണാമി എസ്റ്റേറ്റുകളാണ് 24 വർഷമായി പൂട്ടിക്കിടക്കുന്നത്.
ഏതു നിമിഷവും തകർന്നു വീഴാവുന്ന ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്കു കീഴിൽ നെഞ്ചിടിപ്പോടെയാണ് തൊഴിലാളികൾ കഴിയുന്നത്. ഈ തോട്ടങ്ങളിലെ ഒരു ലയമുറി പോലും സുരക്ഷിതമല്ല.
നിരവധി ലയങ്ങൾ ഇതിനോടകം തകർന്നുവീണ് തൊഴിലാളി മരിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച് നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്ക് ഡോ. ഗിന്നസ് മാടസ്വാമി കഴിഞ്ഞ ദിവസം പരാതി നൽകി.