പാറത്തോട്ടില്‍ സ്കൂള്‍മുറ്റത്ത് കാട്ടുപന്നി പ്രസവിച്ചു
1430761
Saturday, June 22, 2024 3:22 AM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല പാറത്തോട്ടില്‍ സ്കൂള്‍മുറ്റത്ത് കാട്ടുപന്നി പ്രസവിച്ചു. പാറത്തോട് ഗവ. തമിഴ് മീഡിയം ഹൈസ്കൂള്‍ പരിസരത്താണ് സംഭവം. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സ്കൂളിന്റെ മുറ്റത്തോടു ചേര്‍ന്ന കഞ്ഞിപ്പുരയുടെ പിന്‍ഭാഗത്ത് കാട്ടുപന്നി പ്രസവിച്ചത്.
പുല്‍കൃഷി നടത്തുന്ന ഈ പരിസരത്തുനിന്നും പന്നിയുടെ മുരള്‍ച്ച കേട്ടതിനെത്തുടര്‍ന്ന് കുട്ടികള്‍ ഭയന്നോടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുല്ലുകള്‍ക്കിടയില്‍ കാട്ടുപന്നി പ്രസവിച്ചതായി കണ്ടെത്തിയത്.
കുട്ടികളുടെ ബഹളം കേട്ട് തള്ളപ്പന്നി കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോയി. അഞ്ചു കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണം ചത്തു. സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചിന്നാര്‍ ഫോറസ്റ്റ് സെക്ഷനില്‍നിന്നും ഉദ്യോഗസ്ഥരെത്തി പന്നിക്കുഞ്ഞുങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കു മാറ്റി.