അടിമാലിയിൽ വനംവകുപ്പിനെതിരേ പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങൾ
1430765
Saturday, June 22, 2024 3:22 AM IST
അടിമാലി: അടിമാലിയിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങൾ.അടിമാലി ഗ്രാമപഞ്ചായത്തിലെ നാലാംവാർഡായ കടുകുമുടി ആദിവാസി മേഖലയിലെ കുടുംബങ്ങളാണ് പ്രതിഷേധവുമായി മച്ചിപ്ലാവിലെ ഫോറസ്റ്റ് സ്റ്റേഷന് മുന്പിലെത്തിയത്.
ആദിവാസി മേഖലയുടെ ഭാഗമായ കുഞ്ചിപ്പെട്ടിക്കുടിയിലടക്കം കൃഷി ചെയ്തിരുന്ന ഏലച്ചെടികൾ വനംവകുപ്പ് നശിപ്പിച്ചെന്നും അതിക്രമം കാണിച്ചെന്നുമാണ് ആദിവാസി കുടുംബങ്ങളുടെ പരാതി.
അറുപത് വർഷത്തിലധികമായി മുതുവാൻ സമുദായക്കാരായ തങ്ങൾ അധിവസിച്ച് വരുന്ന പ്രദേശത്താണ് വനംവകുപ്പ് കടന്നുകയറിയതെന്ന് അവർ ആരോപിച്ചു. വനംവകുപ്പ് നശിപ്പിച്ചതായി ആക്ഷേപം ഉന്നയിക്കുന്ന ഏലച്ചെടികളുമായി എത്തിയായിരുന്നു കുടുംബങ്ങളുടെ പ്രതിഷേധം.പ്രതിഷേധത്തിൽ സ്ത്രീകളടക്കം നിരവധിയാളുകൾ പങ്കെടുത്തു.
അഞ്ചു കർഷകരുടെ ഏലച്ചെടികളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും സംഭവത്തിൽ നടപടി വേണമെന്നുമാണ് ആദിവാസി കുടുംബങ്ങളുടെ ആവശ്യം.അതേസമയം പ്രദേശം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് ഉയർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.