ഇടുക്കിയിൽ അനധികൃത ആനസവാരി കേന്ദ്രങ്ങൾ
1430884
Sunday, June 23, 2024 3:54 AM IST
തൊടുപുഴ: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ ആനസവാരി കേന്ദ്രങ്ങൾ മനുഷ്യജീവനു ഭീഷണിയായി മാറുന്നു. എട്ടുവർഷത്തിനിടെ ഇത്തരം കേന്ദ്രങ്ങളിൽ പൊലിഞ്ഞത് അഞ്ചുജീവനുകളാണ്. ഇതിൽ നാലുപേർ പാപ്പാന്മാരും ഒരാൾ ഉത്തരേന്ത്യൻ സ്വദേശിയും.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അടിമാലി കല്ലാർ 60-ാം മൈലിലെ കേരള ഫാം എന്ന സ്വകാര്യ ആനസവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.സഞ്ചാരികളെ സവാരിക്കായി ആനയുടെ പുറത്ത് കയറ്റാൻ ശ്രമിക്കുന്നതിനിടെ പൊടുന്നനെ ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു.
2019 ജൂണ് 15നു കുമളിയിലെ സ്വകാര്യ ആനസവാരി കേന്ദ്രത്തിലും ആന പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നു ജില്ലയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങൾക്കെതിരേ നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തുവരികയും അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ കേന്ദ്രങ്ങളും അടച്ചുപൂട്ടുകയും ചെയ്തു.
നാട്ടാനകളെ ടിക്കറ്റ് നൽകി സവാരിക്കുപയോഗിക്കുന്പോൾ അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ പെർഫോമിംഗ് അനിമൽസ് രജിസ്ട്രേഷൻ വേണമെന്നാണ് നിയമം. എന്നാൽ ഉത്തരവ് കാറ്റിൽപറത്തിയാണ് പലപ്പോഴും ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇടുക്കി ജില്ലയിൽ ഒന്പത് ആനസവാരി കേന്ദ്രങ്ങളാണ് നിലവിലുള്ളത്.
ഇതിൽ ഒരു സ്ഥാപനത്തിനും നിയമപരമായ രജിസ്ട്രേഷനില്ല. സംസ്ഥാനത്ത് കൂടുതൽ ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതും ഇടുക്കിയിലാണ്. നേരത്തേ കേരള സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡംഗവും എസ്പിസിഎ സെക്രട്ടറിയുമായ എം.എൻ. ജയചന്ദ്രൻ അനധികൃതമായി പ്രവർത്തിക്കുന്ന ആനസവാരി കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതേത്തുടർന്ന് 2015ൽ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ വീണ്ടും ഇവ പ്രവർത്തിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2019ൽ ഹൈക്കോടതി മറ്റൊരു ഉത്തരവുകൂടി പുറപ്പെടുവിച്ചു.
ഇതനുസരിച്ച് അനധികൃത കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ലെന്നു അതതു ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രതിമാസം ലക്ഷക്കണക്കിനു രൂപ വരുമാനം ലഭിക്കുന്ന ആനസവാരി കേന്ദ്രങ്ങൾ നിരോധനം വകവയ്ക്കാതെ പ്രവർത്തിക്കുന്നതാണ് അനിഷ്ട സംഭവങ്ങൾക്ക് ഇടയാക്കുന്നത്.
കഴിഞ്ഞ ദിവസത്തെ സംഭവത്തെ തുടർന്നു ജില്ലയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ പ്രവർത്തനം കർശനമായി തടയുമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കാൻ വനംവകുപ്പ് അധികൃതർക്ക് നിർദേശം നൽകി. അടിമാലിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ട കേന്ദ്രം അടച്ചുപൂട്ടാനും കളക്ടർ ഉത്തരവിട്ടു.
ഇതിനു പുറമേ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത ആനയെ അവിടേക്ക് മാറ്റാനും ഉടമസ്ഥനോട് നിർദേശിച്ചിട്ടുണ്ട്. അടിമാലിയിലെ ആനസവാരി കേന്ദ്രത്തിനെതിരേ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.