കെഎസ്ഇബിയുടെ കറന്റടി! രണ്ടുമുറി വീടിന് 34,165 രൂപയുടെ വൈദ്യുതിബിൽ
1430895
Sunday, June 23, 2024 3:59 AM IST
ഉപ്പുതറ: രണ്ടു മുറിയുള്ള വീടിന് 34, 165 രൂപ വൈദ്യുതി ബിൽ. ബിൽത്തുക അടയ്ക്കാ ത്തതിനാൽ വീട്ടിലെ വൈദ്യുതി ബന്ധവും വിഛേദിച്ചു. മേരികുളം ആറേക്കൾ ആലയ്ക്കൽ എ. ജെ. ആഗസ്തിക്കാണ് കെഎസ് ഇബിയുടെ ഇരുട്ടടി.
ആഗസ്തിയും മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. നാല് സിഎഫ്എൽ ബൾബുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഫ്രിഡ്ജ് , മിക്സി, വാഷിംഗ് മെഷീൻ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഒന്നും വീട്ടിലില്ല.
കഴിഞ്ഞ ഒക്ടോബറിൽ ആഗസ്തിയുടെ ഭാര്യ മരിച്ചു. ഈ സമയത്ത് വൈദ്യുതി ഉപയോഗം കൂടിയതിനാൽ 298 രൂപയുടെ ബില്ലാണ് അന്നു വന്നത്. അതിനു മുൻപും ശേഷവും രണ്ടു മാസം കൂടുമ്പോൾ 150 മുതൽ 190 രൂപ വരെയാണ് വൈദ്യൂതി ബിൽ വന്നിരുന്നത്.
ഈ മാസം ബില്ലു കൂടുതലാണെന്ന് മീറ്റർ റീഡിങ്ങിനു വന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഗൂഗിൾ പേ വഴി പരിശോധിച്ചപ്പോഴാണ് 34,165 രൂപയാണെന്ന് വ്യക്തമായത്. ഉടൻതന്നെ ഉപ്പുതറ സെക്ഷൻ ഓഫീസിൽ അന്വേഷിച്ചു. സബ് എൻജിനിയർ സ്ഥലത്തു വന്നു പരിശോധിക്കുകയും ചെയ്തു. വയറിംഗിലെ തകരാർ മൂലം ചോർച്ച ഉണ്ടായ വൈദ്യുതിയുടെ അളവ് മീറ്ററിൽ രേഖപ്പെടുത്തിയതാണെന്നും 14,000 രൂപ അടച്ചാൽ മതിയെന്നും പറഞ്ഞു.
കൂലിപ്പണി ചെയ്തു ജീവിക്കുന്ന ആഗസ്തിക്ക് ഇത്രയും തുകയടക്കാൻ മാർഗ്ഗമുണ്ടായിരുന്നില്ല. തുടർന്ന് പതിനഞ്ചാം തീയതി അധികൃതർ വീട്ടിലെത്തി വൈദ്യുതി വിഛേദിച്ചു . പുതിയ വയറിംഗ് നടത്തി, മീറ്ററും, മെയിൻ സ്വിച്ചും മാറ്റണമെന്നും നിർദേശിച്ചു. വയറിംഗിലെ തകരാർ മൂലം ഷോർട്ടിംഗ് ഉണ്ടാകുന്നുണ്ടെന്നും അതു കൊണ്ട് മീറ്റർ റീഡിംഗ് കൂടുന്നതാണെന്നും പറഞ്ഞു.
എന്നാൽ പൊതു പ്രവർത്തകർ ഇടപെട്ട് അംഗീകൃത ഇലക്ട്രീഷൻ നടത്തിയ പരിശോധനയിൽ ഇങ്ങനെയുള്ള തകരാർ കണ്ടെത്തിയില്ല. ബില്ലിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ ഒരാഴ്ചയായി മെഴുകുതിരി വെളിച്ചത്തിൽ കഴിഞ്ഞുകൂടുകയാണ് ആഗസ്തിയും മകളും.
എന്നാൽ, സുരക്ഷാ കാരണങ്ങളാലാണ് വൈദ്യുതി വിച്ഛേേദിച്ചതെന്നും തകരാർ പരിഹരിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും ഉപ്പുതറ സെക്ഷൻ ഓഫീസ് അറിയിച്ചു.