കാട്ടാനശല്യത്തിന് സ്വയം പരിഹാരംകണ്ട് കർഷകർ
1431231
Monday, June 24, 2024 3:49 AM IST
കട്ടപ്പന: കാഞ്ചിയാർ പാലാക്കട പുതിയപാലത്ത് കാട്ടാനശല്യം ജനങ്ങളുടെ സ്വൈരജീവിതം മുട്ടിച്ചിരിക്കുകയാണ്. പരിഹാരം കാണാൻ വനംവകുപ്പിനെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. ഫണ്ടില്ലെന്ന കാരണമാണ് വനംവകുപ്പ് പറയുന്നത്. 42 വർഷം മുമ്പ് നിർമിച്ച ട്രഞ്ച് മണ്ണ് വന്ന് നികന്നതാണ് കാട്ടാന കൃഷിയിടത്തിലിറങ്ങാൻ കാരണം.
വനംവകുപ്പ് ട്രഞ്ച് വിപുലീകരിക്കുന്നതിൽനിന്ന് പിൻവാങ്ങിയതോടെ ജനങ്ങൾ കൈകോർത്തു. ഓരോരുത്തരുടെയും കഴിവിനനുസരിച്ച് പണം കണ്ടെത്തുകയും ഹിറ്റാച്ചി ഉപയോഗിച്ച് ട്രഞ്ചിന് ആഴം കൂട്ടാൻ ആരംഭിക്കുകയും ചെയ്തു. നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ട്രഞ്ച് നിർമിക്കുന്നത്.
കർഷക സംരക്ഷണ സമിതി രൂപീകരിച്ചാണ് ട്രഞ്ച് നിർമാണം നടത്തുന്നത്. ചെലവഴിക്കുന്ന ഫണ്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിൽ അപേക്ഷയും നൽകിയിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതിയോടെയാണ് ട്രഞ്ച് വലുപ്പം കൂട്ടുന്നത്.
ട്രഞ്ച് നിർമാണം പൂർത്തിയായാൽ കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഒടുവിൽ വനംവകുപ്പ് ട്രഞ്ച് നിർമിച്ചതായി രേഖ ഉണ്ടാക്കി പണം അപഹരിക്കുമോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.