മെഡിക്കല്‍ കോളജ് വികസനം: സിഎസ്ആര്‍ ഫണ്ട് സമാഹരിക്കും
1431232
Monday, June 24, 2024 3:49 AM IST
ഇടുക്കി: മെഡിക്കല്‍ കോളജിലെ മോഡുലാര്‍ ലാബിലെ ഇലക്ട്രിക്, പ്ലംബിംഗ് ജോലികള്‍ ആശുപത്രി വികസനസമിതിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എച്ച്എംസിയുടെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ചാണ് പ്രവൃത്തികള്‍ നടപ്പാക്കുക.
പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടം സെപ്റ്റംബറോടെ താമസയോഗ്യമാക്കും. 350 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് തുണി കഴുകി വിരിക്കാനും മറ്റുമായി രണ്ടു മാസത്തിനകം പ്രത്യേക ക്രമീകരണവും അടുക്കളയില്‍ സ്ലാബ് സൗകര്യവും ഒരുക്കും.
മെഡിക്കല്‍ കോളജിന്റെ അടിസ്ഥാന വികസനത്തിനായി സിഎസ്ആര്‍ ഫണ്ടുകള്‍ സമാഹരിക്കുന്ന കാര്യം അടിയന്തര പരിഗണനയിലാണെന്ന് റോഷി അഗസ്റ്റിന് അറിയിച്ചു. കാത്ത് ലാബ്, റേഡിയോതെറാപ്പി കെട്ടിട സമുച്ചയമാണ് സിഎസ്ആര്‍ ഫണ്ട് വഴി നിര്‍മിക്കുക. കെട്ടിട നിര്‍മാണത്തിനുള്ള വിശദമായ എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.
ഓപ്പറേഷന് തിയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കെഎംഎം സിഎല്ലിന് ഉടന്‍ വര്‍ക്ക് ഓര്‍ഡര്‍ നല്‍കാനും തീരുമാനിച്ചു. ചെറുതോണി ബസ് സ്റ്റാന്‍ഡില്‍നിന്നു മെഡിക്കല്‍ കോളജിലേക്ക് അഞ്ചു കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന നേരിട്ടുള്ള റോഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും മന്ത്രി നിര്‍ദേശം നല്കി.
എംഎല്‍എമാരായ എം.എം. മണി, എ. രാജ, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടോമി മാപ്പലകയില്‍, സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, സി.വി. വര്‍ഗീസ്, ഷിജോ തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.