യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... സൂക്ഷിച്ച് റോഡ് മറികടക്കുക
1431240
Monday, June 24, 2024 3:49 AM IST
കട്ടപ്പന: കട്ടപ്പന ടൗണിലെ സീബ്രാലൈനുകൾ അപ്രത്യക്ഷമായതോടെ കാൽനടയാത്രികർ അടക്കം റോഡ് മുറിച്ചുകടക്കുന്നവർ ഭീഷണിയിലായി. നഗരത്തിലെ ഏറ്റവും തിരക്കുള്ള സെൻട്രൽ ജംഗ്ഷനിൽ മൂന്നു സ്ഥലങ്ങളിലായി സീബ്രാലൈനുകൾ ഉണ്ടായിരുന്നു. ആളുകൾ ഇതുവഴി സുരക്ഷിതമായാണ് റോഡ് മുറിച്ചുകടന്നിരുന്നത്.
നിലവിൽ ഇതെല്ലാം മാഞ്ഞുപോയി. ആളുകൾ സാങ്കല്പിക സീബ്രാ ലൈനുകളിലൂടെയാണ് റോഡ് മുറിച്ചുകടക്കുന്നത്. സമാന രീതിയിൽ തന്നെയാണ് കട്ടപ്പനയിലെ മറ്റു മേഖലകളിലെ സീബ്രാ ലൈനുകളും. ട്രാഫിക് പോലീസുകാർ നിയന്ത്രിക്കാൻ ഉണ്ടെങ്കിലും സീബ്രാലൈനുകൾ മാഞ്ഞുപോയത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
നഗരസഭാ അധികൃതർ മുൻകൈയെടുത്ത് കട്ടപ്പന നഗരത്തിലെ മാഞ്ഞുപോയ സീബ്രാലൈനുകൾ പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.