ജില്ലയുടെ പ്രഥമ വനിതാ കളക്ടർ ഷീബ ജോർജ് ഇന്നു സ്ഥാനമൊഴിയും
1437958
Sunday, July 21, 2024 11:30 PM IST
തൊടുപുഴ: മൂന്നു വർഷത്തോളം ജനങ്ങളോട് ചേർന്നുനിന്ന് ജില്ലയെ നയിച്ച കളക്ടർ ഷീബ ജോർജ് ഇന്നു സ്ഥാനമൊഴിയും. ജില്ലാ അതിർത്തിയോട് ചേർന്നുള്ള മേലുകാവുമറ്റം സ്വദേശിയായ ഷീബ ജോർജ് ജില്ലയിലെ പ്രഥമ വനിതാ കളക്ടർ പദവിയിൽ മൂന്ന് വർഷവും ഒൻപത് ദിവസവും സേവനം ചെയ്താണ് ജില്ലയോട് വിടപറയുന്നത്. ഡെപ്യൂട്ടി കളക്ടറായുള്ള ആദ്യ നിയോഗവും ഇടുക്കിയിലായിരുന്നു. മലയോര കർഷകരുടെ സങ്കീർണമായ മലയോര പട്ടയ വിഷയത്തിൽ അന്നുതന്നെ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ 7458 കുടുംബങ്ങൾക്ക് പട്ടയം നൽകാനായി എന്ന ചാരിതാർഥ്യത്തോടെയാണ് ഷീബ ജോർജ് പടിയിറങ്ങുന്നത്.
വിവിധ വകുപ്പുകളെ മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടർ എന്ന നിലയിൽ കഴിഞ്ഞു. ദേശീയ ശ്രദ്ധയാകർഷിച്ച വനം വകുപ്പിന്റെ ആദിവാസി വിപണിയായ ചില്ല, ഇല എന്നിവ ഇതിനുദാഹരണങ്ങളാണ്. ജില്ലയിലെ അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി പിപിപി മോഡലുകളിൽ നടപ്പാക്കിയ മൂന്നാർ അഡ്വഞ്ചർ പാർക്ക്, വാഗമണ് അഡ്വഞ്ചർ പാർക്ക്, പാരാ ഗ്ലൈഡിംഗ് പദ്ധതികൾ, കാർഷിക മേഖലയിലെ ഇടപെടലുകൾ, വൻകിട കോർപറേറ്റുകളുടെ സിഎസ്ആർ ഫണ്ട് പ്രയോജനപ്പെടുത്തിയുള്ള ഇടുക്കി ഒരു മിടുക്കി പദ്ധതി, ഇടമലക്കുടിയിലെ വനാവകാശരേഖ വിതരണം, റോഡ് നിർമാണം എന്നിവ ശ്രദ്ധിക്കപ്പെട്ടു. എറണാകുളം ജില്ലയിൽനിന്ന് ഇടമലക്കുടിയുടെ ഒരു ഭാഗം ഇടുക്കിയോട് കൂട്ടിച്ചേർത്ത് കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള ജില്ലയായി മാറിയതും ഈ കാലഘട്ടത്തിലാണ്.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 17,726 പട്ടയങ്ങളിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന പട്ടയമേളയിൽ 3227 പട്ടയങ്ങൾ വിതരണത്തിന് തയാറാക്കിയെങ്കിലും കോടതി ഇടപെടൽ കാരണം നൽകാൻ കഴിഞ്ഞില്ല. ഇത് കൂടാതെ 7041 പട്ടയങ്ങൾ നടപടികൾ പൂർത്തിയാക്കി വിതരണത്തിന് സജ്ജമാക്കാൻ കഴിഞ്ഞു. ജില്ലയിലെ പട്ടികവർഗ മേഖലകളിൽ ഉൾപ്പെടെ കൈവശഭൂമിക്കുള്ള 1834 പട്ടയങ്ങളുടെ നടപടികൾ പൂർത്തീകരിച്ചു. കഞ്ഞിക്കുഴി വില്ലേജിലെ പട്ടിക മേഖലകളിൽ പട്ടയം അനുവദിക്കുന്നതിന് 410 അപേക്ഷകളിലെ സർവേ നടപടി, പീരുമേട് താലൂക്കിലെ കൊക്കയാർ, മ്ലാപ്പാറ വില്ലേജുകളിലെ പട്ടികവർഗ മേഖലയിൽ വ്യക്തിഗത സർവേ സബ് ഡിവിഷൻ റിക്കാർഡുകളുടെ അടിസ്ഥാനത്തിൽ പട്ടയം അനുവദിക്കാനുള്ള നടപടി, ലോവർ പെരിയാർ പദ്ധതി പ്രദേശത്ത് നിന്നും 1971ൽ കുടിയൊഴിപ്പിക്കപ്പെട്ട 72 കുടുംബങ്ങൾക്ക് പകരമായി അനുവദിച്ച ഭൂമിയുടെ പട്ടയവിതരണം, പട്ടിശേരി ഡാം നിർമാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് വാസയോഗ്യമായ ഭൂമി തുടങ്ങിയവ വിതരണം ചെയ്യാൻ സർക്കാരിന് കഴിഞ്ഞു.
കല്ലാർകുട്ടി ഡാം, പത്തു ചെയിൻ പദ്ധതി പ്രദേശങ്ങളിലെ കൈവശക്കാരുടെ പട്ടയവിഷയം എന്നിവ സർക്കാർ ശ്രദ്ധയിൽപ്പെടുത്താനും പ്രത്യേക ടീമിനെ നിയോഗിച്ച് സർവേ നടപടികൾ അന്തിമഘട്ടത്തിൽ എത്തിക്കാനും കഴിഞ്ഞു. മറയൂർ വില്ലേജിലെ ഉള്ളവയൽ, മാങ്ങാപ്പാറ എന്നിവിടങ്ങളിലെ 102 പേർക്ക് വനാവകാശ രേഖ നൽകുന്നതിന് ഈ കാലഘത്തിൽ കഴിഞ്ഞു. കട്ടപ്പന ടൗണിലെ സർവേ നടപടികൾ പൂർത്തീകരിച്ചു.
അതിദരിദ്രരായ കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് യോഗ്യരായി കണ്ടെത്തിയ 134 കുടുംബങ്ങൾക്കും ഭൂമി കണ്ടെത്തി പട്ടയം വിതരണം ചെയ്തു. രാജീവ് ദശലക്ഷം പദ്ധതി പ്രകാരം മറയൂർ ഹൗസിംഗ് ബോർഡ് നഗറിലെ 49 കുടുംബങ്ങൾക്ക് പട്ടയം നൽകി. കുമളി, വള്ളക്കടവ്, വാഴത്തോട്, ഉപ്പുതറ, നെടുംകണ്ടം എന്നീ ഹൗസിംഗ് ബോർഡ് നഗറിലെ ഭൂമിയുടെ വിട്ടൊഴികൾ നടപടികൾ പൂർത്തീകരിച്ചു. അയ്യപ്പൻകോവിൽ വില്ലേജിൽ ചേന്പളം പട്ടികവർഗ നഗറിൽ പട്ടയം ലഭിക്കാതെ ശേഷിച്ച കൈവശക്കാർക്ക് പട്ടയം അനുവദിച്ചതുൾപ്പെടെ ജില്ലയിൽ ചുവപ്പുനാടകളിൽ കുരുങ്ങിക്കിടന്ന ഒട്ടേറെ ഭൂമി വിഷയങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചതും നേട്ടമായി.
2021 ഓഗസ്റ്റിലെ കോടിക്കുളം ചുഴലിക്കാറ്റ്, കൊക്കയാർ, മൂലമറ്റം, അറക്കുളം, കുടയത്തൂർ, ശാന്തൻപാറ, വട്ടവട ഉൾപ്പെടെ ജില്ലയുടെ വിവിധ മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ദുരന്തങ്ങളിൽ നേരിട്ട് ഇടപെടുന്നതിനും പെട്ടിമുടി ദുരന്തബാധിത മേഖലകളിലെ ദുരിതാശ്വാസ ധനസഹായം വിതരണം കൃത്യമായി നിർവഹിക്കാനും കഴിഞ്ഞു. ഇതിനു പുറമേ നിരവധി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും സർക്കാരിന് ഈ കാലഘട്ടത്തിൽ സാധിച്ചു. ഇടുക്കിയിലെ സേവന കാലത്തെ അനുഭവസന്പത്തിന്റെ പശ്ചാത്തലത്തിലാണ് ഷീബ ജോർജ് റവന്യു വകുപ്പിന്റെ അഡീഷണൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്.