ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണി
1437965
Sunday, July 21, 2024 11:30 PM IST
കട്ടപ്പന: കട്ടപ്പന വെള്ളയാംകുടിയിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ മുകൾ ഭാഗത്തെ ലൈറ്റുകളുടെ സ്റ്റാൻഡ് ഇളകിയത് അപകടഭീക്ഷണി ഉയർത്തുന്നു. ആറു സെറ്റ് ലൈറ്റുകൾ നിലകൊള്ളുന്ന ഇരുമ്പുവലയം പ്രധാന തൂണിൽനിന്നു ഇളകിയ സ്ഥിതിയിലാണ്.
കാറ്റ് വീശുന്നതോടെ ഹൈമാസ്റ്റ് ലൈറ്റിന്റെ മുകൾഭാഗം പൂർണമായും ഇളകിയാടുകയാണ്. ഏതു നിമിഷവും ഈ ഭാഗം നിലം പതിക്കാവുന്ന സ്ഥിതിയാണ് ഉള്ളത്.സമീപത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓട്ടോ സ്റ്റാൻഡും വിവിധ വ്യാപാരശാലകളും പ്രവർത്തിക്കുന്നുണ്ട്.
ആളുകൾ ബസിൽ കയറുന്നത് ഉൾപ്പെടെ ഇവിടെ നിന്നാണ്. നിലവിൽ ലൈറ്റ് ചെറിയൊരു ബലത്തിൽ മാത്രമാണ് തൂണിന് മുകളിൽ നിലകൊള്ളുന്നത്. കാറ്റടിക്കുന്നതോടെ തൂണുമായി നിലവിലെ ബന്ധം കൂടെ നഷ്ടപ്പെട്ടാൽ ലൈറ്റുകൾ ഇരിക്കുന്ന ഇരുമ്പ് വലയം പൂർണമായും നിലം പതിക്കും. ഇതുവലിയൊരു അപകടത്തിലേക്ക് നയിച്ചേക്കും.