കാട്ടാന ശല്യത്തിനെതിരേ കാക്കത്തോട് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം ഇരമ്പി
1438265
Monday, July 22, 2024 11:41 PM IST
ഉപ്പുതറ: കാട്ടാന ശല്യത്തിനെതിരേ പാലക്കാവ് നിവാസികൾ കാക്കത്തോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ തുടങ്ങിയ പ്രതിഷേധം പിന്നീട് ഉപരോധവും കഞ്ഞിവയ്പ് സമരവുമായി മാറി. സിപിഎം വളകോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
പാലക്കാവ്, മുത്തംപടി, കൂപ്പുപാറ, കാക്കത്തോട് എന്നിവിടങ്ങളിൽ നാളുകളായി തുടരുന്ന കാട്ടാന ശല്യം തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറോളം കർഷകർ കാക്കത്തോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്. സിപിഎം ഏരിയ സെക്രട്ടറി എം.ജെ. വാവച്ചൻ ഉദ്ഘാടനം ചെയ്തു.
ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പ് ലഭിക്കുംവരെ സമരം തുടരുമെന്ന് ഉദ്ഘാടകൻ പറഞ്ഞതോടെ പ്രവർത്തകർ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു. ഫോറസ്റ്ററും ഉപ്പുതറ പോലീസും ചർച്ച നടത്തിയെങ്കിലും പിരിഞ്ഞുപോകില്ലന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഉദ്യോഗസ്ഥരെ പുറത്തുപോകാൻ അനുവദിക്കാതെ ഉപരോധം തീർക്കുകയും ഓഫീസിനു മുന്നിൽ കഞ്ഞിവയ്ക്കുകയും ചെയ്തു.
തുടർന്ന് ഉന്നതാധികൃതരെ വിവരം അറിയിച്ചു. തുടർന്ന് കോട്ടയം ഡി എഫ് ഒയുടെ നിർദ്ദേശ പ്രകാരം റെയിഞ്ച് ഓഫീസർ ഇ.ഡി. അരുൺകുമാർ രണ്ടരയോടെ സ്ഥലത്തെത്തി ചർച്ച നടത്തി.
ബുധനാഴ്ച ആർആർടി സംഘത്തെ എത്തിച്ച് ബോൾ വയറിംഗ് വെടിവയ്പു നടത്തി ആനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമം നടത്തും. പട്രോളിംഗിന് ഉദ്യോഗസ്ഥരെ സഹായിക്കാനും ആന എത്തിയാൽ വിവരം അറിയിക്കാനും തദേശിയരായ നാല് വാച്ചർമാരെ നിയമിക്കും.
കഴിഞ്ഞ ദിവസം ആനയെ തുരത്തുന്നതിനിടെ പടക്കംപൊട്ടി കൈ വിരൽ അറ്റ വാച്ചറുടെ ചികിത്സാച്ചെലവ് വഹിക്കുകയും ജോലിയിൽ പ്രവേശിക്കും വരെ ശബളം നൽകുകയും ചെയ്യാനും ചർച്ചയിൽ തീരുമാനമായി. 19 കോടി രൂപ മുടക്കി 14.5 കിലോമീറ്റർ ദൂരം ഹാങ്ങിംഗ് പെൻസിംഗ് ഒരു വർഷത്തിനകം പൂർത്തിയാക്കും. പട്രോളിംഗിന് ആർആർ ടി വാഹനം വിട്ടു നൽകും തുടങ്ങിയ ഉറപ്പുകളും നൽകി. തുടർന്ന് അഞ്ചരയോടെ സമരം അവസാനിപ്പിച്ചു.
സജിമോൻ ടൈറ്റസ്, വി. പി. ജോൺ, ഷീല രാജൻ, പി.എസ്. സരിത, കെ.എസ്. രാജു, കെ. കലേഷ്കുമാർ, ഷാജി വട്ടപ്പറമ്പിൽ, ജോമോൻ മണ്ണാറാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് ഫോറസ്റ്റ്
ഓഫീസിലേക്ക് മാർച്ച് നടത്തി
രാജാക്കാട്: ചിന്നക്കനാൽ ടാങ്കുകുടി സ്വദേശി കണ്ണൻ (47) കാട്ടാന ആക്രമത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ചക്കക്കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടത്തെ നാടുകടത്തുക, കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി വിലസുമ്പോഴും സർക്കാർ കാട്ടുന്ന അലംഭാവം അവസാനിപ്പിക്കുക, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഉടൻ ധനസഹായം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു.
പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം ഫോറസ്റ്റ് ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു. പോലീസ് വലയം ഭേദിച്ച പ്രവർത്തകർ ഫോറസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറിയത് സംഘർഷത്തിനിടയാക്കി. പോലീസ് ഉദ്യോഗസ്ഥരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും നടന്നു.
യൂത്ത് കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം പ്രസിഡന്റ്് സി. പാണ്ടിരാജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയിമോൻ സണ്ണി, ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, ഡിസിസി മെംബർ ചെല്ലപ്പാണ്ടി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുരുകപാണ്ടി, മണ്ഡലം വൈസ് പ്രസിഡനന്റ് ജി. പ്രേംകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോൺ പോൾ എന്നിവർ പ്രസംഗിച്ചു. അമൽ മനോജ്, ഗിരീഷ് കുമാർ, ജയപ്രകാശ്, ഹരിഹരൻ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.
യൂത്ത് കോണ്ഗ്രസ് മാർച്ചിൽ ചിന്നക്കനാലിൽ സംഘർഷം
ചിന്നക്കനാൽ: കണ്ണൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് വനംവകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കനാലിലെ വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് വനംവകുപ്പ് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.