യുവാവ് കൊല്ലപ്പെട്ട സംഭവം പ്രതിഷേധാർഹം: എംപി
1438267
Monday, July 22, 2024 11:41 PM IST
ഇടുക്കി: കാട്ടാനയുടെ ചവിട്ടേറ്റ് ചിന്നക്കനാലിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം പ്രതിഷേധാർഹമാണെന്നും ആർആർടി സംഘം നിലവിലുള്ള സ്ഥലത്ത് വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സർക്കാരിന്റെയും വനം വകുപ്പിന്റെയും നിരുത്തരവാദിത്വപരമായ സമീപനം മൂലമാണെന്നും ഡീൻ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി.
ഞായറാഴ്ച വൈകുന്നേരമാണ് ചിന്നക്കനാൽ ചെന്പകത്തുകുടിയിൽ കണ്ണൻ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് . ചിന്നക്കനാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒൻപത് കാട്ടാനകളാണ് തന്പടിച്ച് കൃഷിസ്ഥലങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആർആർടി സംഘം നിലവിലുള്ള സ്ഥലത്ത് ഇത്തരം ഒരു സംഭവം ഉണ്ടായി എന്നുള്ളത് ഒരിക്കലും നീതീകരിക്കാൻ കഴിയില്ല.
ആർആർടി ടീമിന് വേണ്ടത്ര സജീകരണങ്ങളില്ല. ടീമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ മറ്റുള്ള ജോലികൾക്ക് നിയോഗിക്കാൻ പാടില്ല. ആനയെ തുരത്തിയോടിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഇവർക്ക് നൽകണം. കണ്ണന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കൃഷി സ്ഥലങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്നും എംപി ആവശ്യപ്പെട്ടു.