അച്ഛനും മക്കളും പുഴയിൽ അകപ്പെട്ടു: ലൈഫ്ജായ്ക്കറ്റായി അനൂപിന്റെ കരങ്ങൾ
1438270
Monday, July 22, 2024 11:41 PM IST
തൊടുപുഴ: പുഴയിലെ ഒഴുക്കിൽപ്പെട്ട അച്ഛനെയും മക്കളെയും ജീവിതത്തിലേക്ക് തിരികെയെത്തിച്ച് കാരിക്കോട് സ്വദേശിയായ യുവാവ്. തൊടുപുഴ കാരിക്കോട് സ്വദേശി മുത്തേടത്ത് അനൂപ് സോമനാണ് തൊടുപുഴയാറിൽ അകപ്പെട്ട കാഞ്ഞിരമറ്റം സ്വദേശിയായ അച്ഛനും പന്ത്രണ്ടും പതിമൂന്നും വയസുള്ള രണ്ടു മക്കൾക്കും തുണയായത്.
ഞായറാഴ്ച ഉച്ചയ്ക്ക് കാഞ്ഞിരമറ്റം ചാലിക്കടവിലായിരുന്നു സംഭവം. കുടുംബ സമേതം ഇവിടെ കുളിക്കാനെത്തിയതായിരുന്നു അനൂപ്.
അന്പലംകടവിനു സമീപത്തെ ചാലിക്കടവിലാണ് ആദ്യം എത്തിയത്. എന്നാൽ ഇതിനു സമീപം സ്ത്രീകൾ തുണി കഴുകുന്നതിനാൽ തൊട്ടു താഴെയുള്ള കടവിലേയ്ക്ക് പോയി. ചാലിക്കടവിൽ കാഞ്ഞിരമറ്റം സ്വദേശിയായ അച്ഛനും മക്കളും കുളിക്കുന്നത് കണ്ടിരുന്നു. ഇവരുടെ നായ വെള്ളത്തിൽ നീന്തുന്നതിന്റെ വീഡിയോയും ഇതിനിടെ അനൂപ് പകർത്തി.
കുറച്ചുസമയത്തിനുശേഷം ഭാര്യക്കൊപ്പം തുണിപിഴിയാൻ കടവിലിറങ്ങിയപ്പോഴാണ് മുകളിൽനിന്ന് ഇവർ ഒഴുകിവരുന്നത് കണ്ടത്. ഇവർ നീന്തി കളിക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അപകടമാണെന്ന് മനസിലായത്. അച്ഛൻ ഒപ്പമുണ്ടായിരുന്ന നായയുടെ ദേഹത്ത് പിടിച്ചിരുന്നു.
പക്ഷേ കുട്ടികളും അച്ഛനും തമ്മിൽ അകലവുമുണ്ടായിരുന്നു. പുതപ്പിട്ട് കൊടുക്കാമെന്നാണ് ആദ്യം ചിന്തിച്ചത്. പക്ഷേ കുട്ടി പിടിച്ചില്ലെങ്കിലോ എന്ന ചിന്തയിൽ അധികമാലോചിക്കാതെ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് അനൂപ് പറഞ്ഞു.
പക്ഷേ കുട്ടികളും അച്ഛനും തമ്മിൽ അകലവുമുണ്ടായിരുന്നു.
അടുത്തെത്തിയപ്പോൾ പെണ്‍കുട്ടിയെ മാത്രമാണ് കണ്ടത്. മുടിയിൽപിടിച്ച് കയറ്റാൻ ശ്രമിച്ചപ്പോൾ വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്ന ഇളയകുട്ടി കൈയിൽ പിടിച്ചു. വെള്ളത്തിൽ മുങ്ങി നിലത്തൂന്നി മുകളിലേക്ക് പൊങ്ങി. പെണ്‍കുട്ടിയെ കരയുടെ കുറച്ചുകൂടി അടുത്തേക്ക് തള്ളിയശേഷം രണ്ടാമത്തെയാളെയും പൊക്കിയെടുത്തു.
കുട്ടികൾ കൈയിൽ അള്ളിപ്പിടിച്ചിരുന്നതിനാൽ നീന്താനാകുമായിരുന്നില്ല. ഇതിനിടെ മകന്റെ കൂട്ടുകാരൻ അഖിൽ ഇറങ്ങിവന്ന് പെണ്‍കുട്ടിയെ പിടിച്ചുകയറ്റി. പിന്നീട് ഇളയകുട്ടിയെയും കരയ്ക്കുകയറ്റുകയായിരുന്നു. അച്ഛനും നായയും പിന്നാലെ കയറിവന്നതോടെ വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലായി ഇവർ.
പുഴയിൽ 40 മീറ്ററോളം ഒഴുകി നീങ്ങിയ കുട്ടികൾ അവശരായിരുന്നു. വായിൽ വിരലിട്ട് വെള്ളം പുറത്തു കളഞ്ഞതോടെ ഇവരുടെ അവശത മാറി. മഴയില്ലായിരുന്നെങ്കിലും പുഴയിൽ നല്ല ഒഴുക്കുണ്ടായിരുന്നു.
അൽപ്പംകൂടി താഴേക്ക് പോയിരുന്നെങ്കിൽ വലിയ കയമായിരുന്നു. പൊതുവേ പരിചയമില്ലാത്ത കടവിൽ ഇറങ്ങാറില്ലെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കണമെന്നുറച്ചാണ് ചാടിയത്. വെള്ളം കുറേ കുടിച്ചെന്നും അനൂപ് പറഞ്ഞു.
കുളിക്കുന്നതിനിടെ കുട്ടികൾ കാൽവഴുതി വീഴുകയായിരുന്നുവെന്ന് രക്ഷപ്പെട്ട കാഞ്ഞിരമറ്റം സ്വദേശി പറഞ്ഞു.
രക്ഷിക്കാൻ പിന്നാലെ ചാടുകയായിരുന്നു. നായയും പിന്നാലെ ചാടി. രക്ഷാകരങ്ങളുമായി അനൂപ് എത്തിയതോടെയാണ് ജീവിതത്തിലേക്ക് തിരിച്ചു വരാനായതെന്നും തീരാത്ത നന്ദിയുണ്ടെന്നും കാഞ്ഞിരമറ്റം സ്വദേശി പറഞ്ഞു.