മുട്ടുകാട് മേഖലയിൽ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു
1438278
Monday, July 22, 2024 11:41 PM IST
രാജാക്കാട്: ബൈസൺവാലി, ചിന്നക്കനാൽ, രാജകുമാരി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മുട്ടുകാട്, സൊസൈറ്റിമേട്, കൊങ്ങിണി സിറ്റി മേഖലകളിലുണ്ടായ കനത്ത കാറ്റിൽ വ്യാപക നാശ നഷ്ടം. ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഇന്നലെ രാവിലെ എട്ടു വരെയാണ് ഈ പ്രദേശങ്ങളിൽ ചുഴലിക്കാറ്റിന് സമാനമായ കാറ്റു വീശിയത്.
നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാസർഗോഡ് ജോഷി, മഴുവഞ്ചേരി ഫ്രാൻസിസ്, ചെറുകുന്നുകാലായിൽ സഹായദാസ് എന്നിവരുടെ വീടുകളുടെ മേൽക്കൂര കാറ്റെടുത്തു.
മുട്ടുകാട് സെന്റ് തോമസ് പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിനും നാശനഷ്ടം സംഭവിച്ചു. പ്രദേശത്തെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചു. വൻമരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണും ഏക്കർ കണക്കിന് സ്ഥലത്തെ ഏലം കൃഷി നശിച്ചിട്ടുണ്ട്. മരച്ചില്ല വീണ് വെയിറ്റിംഗ് ഷെഡിന്റെ മേൽക്കൂരയും തകർന്നു.
വൈദ്യുതിപോസ്റ്റുകൾ നിലംപതിക്കുകയും വൈദ്യുത കമ്പികൾ പൊട്ടി വീഴുകയും ചെയ്തതോടെ ഇവിടേക്കുള്ള വൈദ്യുത ബന്ധവും തകരാറിലായി.