കലുങ്ക് അപകടാവസ്ഥയിൽ; പിഡബ്ല്യുഡി കണ്ടമട്ടില്ല
1438550
Tuesday, July 23, 2024 11:40 PM IST
വണ്ണപ്പുറം: ആലപ്പുഴ - മധുര സംസ്ഥാന പാതയിലെ കലുങ്ക് അപകടാവസ്ഥയിൽ. വണ്ണപ്പുറം നാൽപതേക്കറിനും ചീങ്കൽസിറ്റിക്കുമിടയിൽ പെട്രോൾ പന്പിന് സമീപത്തെ കലുങ്കാണ് അപകടസ്ഥിതിയിലായത്.
കലുങ്കിന്റെ അടിഭാഗത്ത് കോണ്ക്രീറ്റ് അടർന്ന് കന്പികൾ തുരുന്പെടുത്തു ദ്രവിച്ച നിലയിലാണ്. ആദ്യം വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി ഇവിടെ കുഴി രൂപപ്പെട്ടിരുന്നു. നാട്ടുകാർ അറിയിച്ചതോടെ അധികൃതരെത്തി കുഴി അടയ്ക്കുകയും ചെയ്തു. എന്നാൽ വീണ്ടും ഇവിടെ കുഴി രൂപപ്പെടുകയായിരുന്നു. കലുങ്കും റോഡും ചേരുന്നിടത്ത് ഭിത്തി വിണ്ടുകീറിയിട്ടുണ്ട്.
ഇരുപതു വർഷത്തിലധികം പഴക്കമുള്ള കലുങ്കാണിത്. നിർമാണ സമയത്ത് ഇതുവഴി വാഹനഗതാഗതം കുറവായിരുന്നു. എന്നാൽ സംസ്ഥാന പാതയായതോടെ സർവീസ് ബസുകളും നിരവധി ഭാരവാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. കലുങ്ക് അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി കാളിയാർ പോലീസ് മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ പൊതുമരാമത്ത് അധികൃതർ ഇവിടെ പരിശോധന നടത്തിയിട്ട് മാസങ്ങളായെങ്കിലും കലുങ്ക് പുനർ നിർമിക്കാൻ നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം പുതിയ കലുങ്ക് നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.