ബജറ്റ് തികച്ചും നിരാശജനകം: ഡീൻ കുര്യാക്കോസ്
1438551
Tuesday, July 23, 2024 11:40 PM IST
തൊടുപുഴ: കേന്ദ്ര ബജറ്റ് തികച്ചും നിരാശജനകമെന്ന് ഡീൻ കുര്യാക്കോസ് എംപി. കാർഷിക, ഗ്രാമീണ മേഖലകൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. അടിസ്ഥാനസൗകര്യ വികസന കാര്യത്തിൽ തുടർന്നുവന്ന പദ്ധതികൾക്കു പോലും പ്രോത്സാഹനം ലഭിക്കാത്ത സ്ഥിതിയാണ്.
സംസ്ഥാന സർക്കാരുകൾക്ക് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ഒന്നരലക്ഷം കോടി രൂപ പലിശയില്ലാത്ത വായ്പയായി കേന്ദ്ര സർക്കാർ അനുവദിക്കും എന്ന പ്രഖ്യാപനം മാത്രമാണ് ഗുണപ്രദമായി കാണാൻ കഴിയുന്ന കാര്യം. ശബരി റെയിൽവേ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതം ഈ തുകയിൽ നിന്നു കണ്ടെത്താൻ സാധിക്കും. അങ്ങനെയെങ്കിലും ശബരി റെയിൽവേ യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.
കാർഷിക മേഖലയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് കഴിഞ്ഞ വരൾച്ചയുടെയും പ്രകൃതി ദുരന്തങ്ങളുടെ കാലഘട്ടത്തിലുമൊക്കെ പ്രത്യേകമായി പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും യാഥാർഥ്യമായില്ല. സ്പൈസസ് ബോർഡിലൂടെയും മറ്റ് കമ്മോഡിറ്റി ബോർഡുകളിലൂടെയും വരൾച്ചാ ദുരിതാശ്വാസത്തിനുവേണ്ടി കൂടുതൽ തുക അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതും ബജറ്റിൽ പ്രഖ്യാപിച്ചില്ല.
ഇടുക്കിയെ സംബന്ധിച്ചിടത്തോളം കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമാണെന്ന് എംപി പറഞ്ഞു.