വസ്ത്ര വ്യാപാരസ്ഥാപനത്തിൽ മോഷണം: പ്രതി പിടിയിൽ
1438552
Tuesday, July 23, 2024 11:40 PM IST
തൊടുപുഴ: വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് വില്ലുപുരം വിരിയൂർ പഴയന്നൂർ കോളനി സ്വദേശി നോർത്ത് സ്ട്രീറ്റ് ഹൗസ് നന്പർ 24ൽ രാധാകൃഷ്ണനെ(59)യാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന ഇയാൾ രണ്ടു ലക്ഷം രൂപ കവർന്നു.
തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ കോതായിക്കുന്ന് റോഡിൽ വിവാഹ വസ്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടത്തിയത്. ചില്ലുവാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ ഇയാൾ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 2,06,030 രൂപ കൈക്കലാക്കി. തുടർന്ന് നാടുവിടാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ മുന്നിലകപ്പടുകയാ യിരുന്നു.
മോഷണത്തിനു ശേഷം നടന്നുവരികയായിരുന്ന ഇയാൾ ഷാപ്പുപടിയിൽ പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് തിരികെപ്പോകാൻ ശ്രമിച്ചു. ഇതോടെ എസ്ഐ കെ.ഇ. നജീബും സിപിഒമാരായ ബേസിൽ, നഹാസ്, രതീഷ് എന്നിവരും ചേർന്നു തടഞ്ഞുനിർത്തി കാര്യം അന്വേഷിച്ചു. ഏഴല്ലൂരിൽ ഹോട്ടൽ ജോലിക്ക് വന്നതാണെന്നും ജോലി ഇഷ്ടപ്പെടാത്തതിനാൽ തിരികെപ്പോകുകയാണെന്നും പറഞ്ഞു. വീട്ടിൽ പോകാൻ പണമില്ലെന്നും യാത്രക്കൂലി നൽകി സഹായിക്കണമെന്നും പോലീസുകാരോട് അഭ്യർഥിച്ചു.
എന്നാൽ, ഇയാളുടെ പോക്കറ്റിൽ പണമിരിക്കുന്നത് പോലീസുകാർ കണ്ടിരുന്നു. സംശയം തോന്നിയതോടെ ഇവർ കൂടുതൽ ചോദ്യം ചെയ്തതിനെത്തുടർന്നാണ് മോഷണം നടത്തി വരികയാണെന്ന് വ്യക്തമായത്. പോക്കറ്റിൽനിന്ന് കിട്ടിയ 6000 രൂപ ഉൾപ്പെടെ 2,06,030 രൂപ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ ഇയാളെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുത്തു. തുടർന്ന് മുട്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.