കാഞ്ഞാർ: അറക്കുളം എഫ്സിഐയിലേക്ക് അരിയുമായി വന്ന ലോറിയിലെ ലോഡ് ചെരിഞ്ഞതിനെത്തുടർന്ന് വാഹനം റോഡിൽ കുടുങ്ങി. ഇന്നലെ രാവിലെ കാഞ്ഞാർ ടൗണിന് സമീപമായിരുന്നു സംഭവം.
കെട്ടിവച്ചിരുന്ന അരിച്ചാക്കുകൾ ഒരു വശത്തേക്ക് ചെരിഞ്ഞതോടെ ലോറിയുടെ നിയന്ത്രണം നഷ്ടമായി. എന്നാൽ ഇത് ഗൗനിക്കാതെ ലോറി ഡ്രൈവർ വാഹനവുമായി മുന്നോട്ടു പോകാൻ ശ്രമിച്ചു. ഇതോടെ അപകടസാധ്യത മനസിലാക്കിയ നാട്ടുകാർ കാഞ്ഞാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി വാഹനം തടഞ്ഞു. ലോഡ് മറ്റൊരു വാഹനത്തിലേക്ക് മാറ്റാൻ നിർദേശം നൽകി. പിന്നീട് അരിച്ചാക്കുകൾ സുരക്ഷിതമാക്കിയ ശേഷമാണ് ലോറി റോഡിൽനിന്നും മാറ്റിയത്.