തൊടുപുഴ: സിപിഎം കരിങ്കുന്നം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ സ്നേഹവീട് കൈമാറി. നെല്ലാപ്പാറ മടങ്ങനാനിക്കൽ പ്രമോദിനും കുടുംബത്തിനുമാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് വീടിന്റെ താക്കോൽ കൈമാറിയത്.
വെൽഡിംഗ് ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന പ്രമോദിന് പ്രമേഹവും പിന്നീട് വൃക്ക രോഗവും ബാധിച്ചതോടെ ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യമായി. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ചികിത്സ തുടർന്നു പോരുന്നത്. സിപിഎം കരിങ്കുന്നം ലോക്കൽ സെക്രട്ടറി കെ.ജി. ദിനകർ പ്രമോദിനു സൗജന്യമായ നൽകിയ സ്ഥലത്താണ് വീടു നിർമിച്ചു നൽകിയത്. 5.5 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. യോഗത്തിൽ അലക്സാണ്ടർ ജോസ് അധ്യക്ഷത വഹിച്ചു.