മൂലമറ്റം: കുടയത്തൂർ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വീണ്ടും എൽഡിഎഫിന്. പഞ്ചായത്ത് പ്രസിഡന്റായി സിപിഎം അംഗമായ കെ.എൻ.ഷിയാസ് തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് ഷിയാസ് പ്രസിഡന്റായത്. മുൻ പ്രസിഡന്റ് ഉഷ വിജയനെ ഹൈക്കോടതി അയോഗ്യയാക്കിയതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പിൽനിന്നു ബിജെപിയിലെ രണ്ടംഗങ്ങൾ വിട്ടു നിന്നു.
ഉഷ വിജയൻ അയോഗ്യയായതോടെ യുഡിഎഫിനും എൽഡിഎഫിനും അഞ്ചംഗങ്ങൾ വീതമാണുള്ളത്. എൽഡിഎഫ് സ്ഥാനാർഥിയായി കെ.എൻ.ഷിയാസും യുഡിഎഫ് സ്ഥാനാർഥിയായി പുഷ്പ വിജയനും മത്സരിച്ചു. ഇരുകൂട്ടർക്കും തുല്യ വോട്ട് വന്നതിനാൽ നറുക്കെടുക്കുകയായിരുന്നു. ഭാഗ്യം തുണച്ചത് ഷിയാസിനെയായിരുന്നു. അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡി. മാനസ് ആയിരുന്നു റിട്ടണിംഗ് ഓഫീസർ. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്തിരുന്നു. ഉഷ വിജയൻ പുറത്തായെങ്കിലും നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം നിലനിർത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.