ജില്ലയിലെ ഹെൽത്ത് ബ്ലോക്കുകൾ പുനഃക്രമീകരിച്ചു
1459878
Wednesday, October 9, 2024 6:00 AM IST
തൊടുപുഴ: ജില്ലയിലെ നിലവിലുള്ള എട്ട് റവന്യുബ്ലോക്കുകളും ഏഴ് ഹെൽത്ത് ബ്ലോക്കുകളും പുനഃക്രമീകരിച്ച് ഉത്തരവായി. തുടർന്ന് എട്ട് ഹെൽത്ത് ബ്ലോക്കുകളാകും ഉണ്ടാകുക. ഇതിനു പുറമേ തൊടുപുഴ, കട്ടപ്പന നഗര പ്രദേശങ്ങൾ ഉൾപ്പെടുത്തി നഗര ഹെൽത്ത് ബ്ലോക്കും രൂപീകരിച്ചു.
ജില്ലയിൽ നിലവിലുണ്ടായിരുന്ന ഉപ്പുതറ, മുട്ടം, പാന്പാടുംപാറ ഹെൽത്ത് ബ്ലോക്കുകൾ നിർത്തലാക്കുകയും പുതിയതായി വണ്ടൻമേട്, ഇളംദേശം, കഞ്ഞിക്കുഴി, മറയൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുത്തി നേരത്തേയുള്ള രാജാക്കാട്, പുറപ്പുഴ, ചിത്തിരപുരം, വണ്ടിപ്പെരിയാർ എന്നിവയും റവന്യു ബ്ലോക്ക് അടിസ്ഥാനത്തിൽ പുനഃക്രമീകരിച്ചു.
മുട്ടം ഹെൽത്ത് ബ്ലോക്കിലെ എച്ച്എസ്, പിഎച്ച്എൻഎസ് എന്നിവരെ ജോലി ക്രമീകരണ വ്യവസ്ഥയിൽ ഇളംദേശം ബ്ലോക്ക് ഹെൽത്ത് സെന്ററിലും ഉപ്പുതറയിൽ ഈ തസ്തികയിലുള്ളവരെ ബിഎഫ്എച്ച്സിയിലും പാന്പാടുംപാറ എച്ച്എസിനെ മറയൂർ ബിഎഫ്എച്ച്സിയിലും തൊടുപുഴ ഡിവിസി യൂണിറ്റിലെ എച്ച്എസിനെ കഞ്ഞിക്കുഴി ഡിഎഫ്എച്ച്സിയുടെ പൂർണ അധികചുമതലയും നൽകി നിയമിച്ചു.
രാജാക്കാട്, മറയൂർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ പിഎച്ച്എൻ തസ്തികയിലുള്ളവർക്ക് പിഎച്ച്എൻഎസിന്റെ അധിക ചുമതലയും നൽകി. കെ.പി. കോളനി എഫ്എച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് നെടുങ്കണ്ടം പിപി യൂണിറ്റിന്റെ അധികച്ചുമതലയും നൽകി.
കഞ്ഞിക്കുഴി, മറയൂർ, വണ്ടൻമേട്, ഇളംദേശം വിഎഫ്എച്ച്സികളിലെ പിആർഒമാരെ പുനഃക്രമീകരിക്കുന്നതിനു ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരെ ചുമതലപ്പെടുത്തി. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഹെൽത്ത് ഇൻസ്പെക്ടറുടെ സേവനം ലഭ്യമാക്കും.
തൊടുപുഴ ജില്ലാ ആശുപത്രി, പാറക്കടവ് യുപിഎച്ച്സി, കട്ടപ്പന താലൂക്ക് ആശുപത്രി, വാഴവര യുപിഎച്ച്സി എന്നിവ അർബൻ പബ്ലിക് ഹെൽത്ത് യൂണിറ്റിനു കീഴിൽ വരും. അർബൻ ബ്ലോക്ക് ഹെൽത്ത് യൂണിറ്റിലെ റിപ്പോർട്ടിംഗ്, കോണ്ഫറൻസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി ഡിഎംഒയെ സഹായിക്കുന്നതിന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടറെയും പബ്ലിക് ഹെൽത്ത് നഴ്സിനെയും ചുമതലപ്പെടുത്തി.