മാന്‍കുത്തിമേട്ടിലെ അനധികൃത കാരവാന് പാര്ക്കിന് റവന്യുവകുപ്പ് പൂട്ടിട്ടു
1460672
Saturday, October 12, 2024 2:41 AM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല മാന്‍കുത്തിമേട്ടിലെ അനധികൃത കാരവാന് പാര്ക്കിന് റവന്യു വകുപ്പ് പൂട്ടിട്ടു. മാന്‍കുത്തിമേട്ടില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച കാരവാന് പാര്‍ക്കാണ് ഇന്നലെ ഉദ്യോഗസ്ഥരെത്തി സീല്‍ ചെയ്യുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പാണ് സ്വകാര്യവ്യക്തി മാന്‍കുത്തിമേട്ടിലെ സര്‍ക്കാര്‍ ഭൂമി കൈയേറി ഇവിടെ കാരവാന് പാര്‍ക്ക് നിര്‍മിച്ച് ടൂറിസം സെന്ററാക്കിയത്.
പരാതികളെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ ഭൂമി കൈയേറ്റക്കാരനുതന്നെ പാട്ടത്തിനു നല്കാന് നീക്കം നടന്നു.
സ്ഥലം പാട്ടത്തിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് കൈയേറ്റക്കാരന് ഇടുക്കി ഡെപ്യുട്ടി കളക്ടര്‍ക്കാണ് അപേക്ഷ നല്‍കിയത്. സ്ഥലം പാട്ടത്തിനു നല്‍കാനുള്ള നടപടികള്‍ ധൃതഗതിയില്‍ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തായത്.
ഇതേത്തുടര്‍ന്നാണ് പാട്ടത്തിന് നല്‍കാനുള്ള നീക്കം റവന്യു അധികൃതര്‍ ഉപേക്ഷിക്കുകയും പാര്‍ക്ക് സീല്‍ ചെയ്യുകയും ചെയ്തത്. ഉടുമ്പന്‍ചോല താലൂക്ക് ഓഫീസില്‍ നിന്നുള്ള റവന്യു ഉദ്യോഗസ്ഥരുടെ സംഘമാണ് നടപടി സ്വീകരിച്ചത്.