റോഡിനു വീതിയില്ല; സുരക്ഷിതയാത്ര സ്വപ്നം മാത്രം
1466914
Wednesday, November 6, 2024 4:04 AM IST
വണ്ണപ്പുറം: റോഡിനു വീതിയില്ലാത്തതുമൂലം അപകടം തുടർക്കഥയാകുന്നു. കാളിയാർ-പോത്താനിക്കാട്-മൂവാറ്റുപുഴ റോഡിൽ ഒടിയപാറ വനംവകുപ്പ് ഓഫീസിനു സമീപമാണ് റോഡിനു വീതിയില്ലാത്തുമൂലം പതിവായി അപകടമുണ്ടാകുന്നത്. സമീപദിവസം പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിലിടിച്ചും അപകടമുണ്ടായി.
രണ്ടുവർഷം മുന്പ് ബിഎംബിസി നിലവാരത്തിൽ റോഡ് പുനർനിർമിച്ചിരുന്നു. റോഡിന് ഓട നിർമിച്ച് ഇതിനു മുകളിൽ കോണ്ക്രീറ്റ് സ്ലാബ് നിരത്തിയാൽ കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാനാകും. എന്നാൽ റോഡ് നിർമാണ വേളയിൽ നൽകിയ ഉറപ്പ് പാലിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ടൗണ്ഭാഗങ്ങളിൽ മാത്രമാണ് ഓട നിർമിച്ചത്. പ്രഭാതനടത്തത്തിനും ആരാധനാലയങ്ങളിൽ പോകുന്നതിനുമായി നിരവധി കാൽനടയാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നുണ്ട്.
അപകടം വർധിക്കുന്ന സാഹചര്യത്തിൽ റോഡിന് വീതികൂട്ടി ഓട നിർമിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ബ്രദേഴ്സ് കാർഷിക സ്വയംസഹായ സംഘവും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.