രാജാക്കാട് പഞ്ചായത്ത് ഓഫീസ് കെട്ടിടനിര്‍മാണം ഇഴയുന്നു :ഒരു വർഷം മതിയെന്ന് വാക്ക്; ഒരുനില പണിയാൽ മൂന്നു വർഷം?
1466920
Wednesday, November 6, 2024 4:04 AM IST
രാജാക്കാട്: രാജാക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം ഇഴയുന്നു. അഞ്ചു കോടി രൂപ അനുവദിച്ചാണ് ഓഫീസ് കെട്ടിടസമുച്ചയം നിര്‍മിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് ഓഫീസിന് തറക്കല്ലിട്ടത്.
2021ല്‍ നിര്‍മാണം തുടങ്ങിയ ഓഫീസിന്റെ ഒരു നില മാത്രമാണ് നിലവില്‍ വാര്ക്കാനായത്. നിര്‍മാണം തുടങ്ങിയ ശേഷം 2023 വരെ ഒരു നിലപോലും വാര്‍ത്തിരുന്നില്ല. വാര്ക്കുവാനായി കെട്ടിയ കമ്പികള്‍ മുഴുവനും തുരുമ്പെടുത്ത് കുറെക്കാലം കിടന്നിരുന്നു.
ഇത് മാധ്യമവാര്ത്തയായതിനെത്തുടര്ന്ന് തുരുമ്പെടുത്ത കമ്പികള്‍ മാറ്റാതെ തന്നെ കോണ്‍ക്രീറ്റിംഗ് നടത്തുകയായിരുന്നു. അത് കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുമെന്ന അക്ഷേപം ഉയര്‍ന്നിരുന്നു.
2021 മുതല്‍ രാജാക്കാട് പള്ളിവക വാടക കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് പറഞ്ഞിരുന്നെങ്കിലും മൂന്നു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം ഇഴയുകയാണ്.
പഞ്ചായത്തിന്റെ എന്‍ജിനിയറിംഗ് വിഭാഗമാണ് ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ചെമ്മണ്ണാര്‍ സ്വദേശിയാണ് നിര്‍മാണ കരാറുകാരന്. രണ്ട് നിലകളിലായി ഓഫീസ് സമുച്ചയവും മൂന്നാം നിലയില്‍ ഹാളും ആയിട്ടാണ് പ്ലാന്‍ തയാറാക്കിയിരിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാക്കിയ വര്‍ക്കുകളുടെ ബില്‍ മാറി ലഭിക്കാത്തതിനാലാണ് തുടര്‍ ജോലികള്‍ വൈകുന്നതെന്നും ആക്ഷേപമുണ്ട്. ഇതേ കരാറുകാരനാണ് പഞ്ചായത്തില്‍ അനുവദിച്ച ഹോമിയോ ആശുപത്രിയുടെ നിര്‍മാണവും കരാറെടുത്തിരിക്കുന്നത്.