പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 53കാരന് മൂന്ന് ജീവപര്യന്തം തടവ്
1549557
Tuesday, May 13, 2025 5:35 PM IST
ചെറുതോണി : പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 53കാരന് മൂന്ന് ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും 12 വർഷം കഠിന തടവും ശിക്ഷ വിധിച്ചു. കൊന്നത്തടി ഇഞ്ചപതാൽ സ്വദേശി നെല്ലിക്കുന്നേൽ ലെനിൻ കുമാറിനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.
2020 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ജലലഭ്യത കുറവായതിനാൽ പെണ്‍കുട്ടിയും വീട്ടുകാരും സ്ഥിരമായി മുതിരപ്പുഴയാറിലായിരുന്നു അലക്കുന്നതിനും കുളിക്കുന്നതിനും വന്നിരുന്നത്. വീട്ടുകാരുമായി പരിചയമുണ്ടായിരുന്ന പ്രതി ആറിന്റെ പരിസരത്തുള്ള പാറയുടെ മറവിൽ കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. ശാരീരിക അസ്വസ്ഥത മൂലം ആശുപത്രിയിൽ എത്തിയ കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്.
തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പ്രതി മരണം വരെ ജയിലിൽ കഴിയണം എന്ന് കോടതി പ്രത്യേകം വ്യക്തമാക്കി.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.