കട്ടപ്പന: പുതുതായി ആരംഭിക്കുന്ന ബ്രാഞ്ചിൽ സേഫ് ഇറക്കിവയ്ക്കാൻ പോയ കട്ടപ്പന റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ഉൾപ്പെടെ ഏഴുപേർക്ക് സിഐടിയു ചുമട്ടുതൊഴിലാളികളുടെ മർദനം. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ആക്രമണമുണ്ടായത്.
കന്പിവടിയും കാപ്പിക്കന്പും ഉപയോഗിച്ചുള്ള മർദനത്തിൽ പരിക്കേറ്റവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സൊസൈറ്റി സെക്രട്ടറി കെ.വി. കുര്യാക്കോസ്, ജീവനക്കാരായ തോമസ് ജോസഫ്, ബിനോയി തോമസ്, തൃശൂരിൽനിന്ന് സേഫുമായി എത്തിയ രമേഷ്, രാകേഷ്, വിജീഷ്, അരുണ് എന്നിവർക്കാണ് പരിക്കേറ്റത്. കന്പിവടികൊണ്ടുള്ള അടിയേറ്റ് രമേഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സേഫ് ഇറക്കിവയ്ക്കാനുള്ള സ്ഥലം കാട്ടിക്കൊടുക്കാനാണ് സൊസൈറ്റി അധികൃതർ തൃശൂരിൽനിന്ന് വന്നവർക്കൊപ്പം അണക്കരയിൽ എത്തിയത്. കെട്ടിടത്തിനുള്ളിലേക്ക് കയറിയപ്പോൾ പിന്നാലെ കന്പിവടിയും മറ്റുമായി എത്തിയവർ മർദിക്കുകയായിരുന്നെന്ന് സൊസൈറ്റി ജീവനക്കാർ പറയുന്നു.
തുടർന്ന് ജീവനക്കാരെ രണ്ടുമണിക്കൂറോളം സിഐടിയു തൊഴിലാളികൾ തടഞ്ഞുവച്ചു. പിന്നീട് ഇവരെ കെട്ടിടത്തിൽനിന്ന് പുറത്തിറക്കിയശേഷം ചുമട്ടുതൊഴിലാളികൾ സേഫ് കെട്ടിടത്തിനുള്ളിൽ കയറ്റിവയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലു സിഐടിയു ചുമട്ടുതൊഴിലാളികളെ വണ്ടൻമേട് പോലീസ് അറസ്റ്റുചെയ്തു. കുഞ്ഞുമോൻ , ബിനോയ്, ബാബു, കുര്യാക്കോസ് എന്നിവരാണ് അറസ്റ്റിലായത്.
പത്തുപേർക്കെതിരേ വണ്ടൻമേട് പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ബാങ്ക് ജീവനക്കാരാണ് മർദിച്ചതെന്നാരോപിച്ച് സിഐടിയു തൊഴിലാളികൾ പുറ്റടിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മുഴുവൻ പ്രതികളേയും
അറസ്റ്റുചെയ്യണം:
റോയി കെ. പൗലോസ്
കട്ടപ്പന: അണക്കരയിൽ ചൊവ്വാഴ്ച രാത്രിയിൽ കട്ടപ്പന റൂറൽ ബാങ്ക് സെക്രട്ടറി ഉൾപ്പടെയുളള ബാങ്ക് ജീവനക്കാരെ സിഐടിയു പ്രവർത്തകർ മർദിച്ച സംഭവത്തിൽ ഡിസിസി മുൻ പ്രസിഡന്റ് റോയി കെ. പൗലോസ് പ്രതിഷേധിച്ചു. മർദനത്തിൽ പരിക്കേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽകഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു. ഉദ്യോഗസ്ഥരെ മർദിച്ച എല്ലാ പ്രതികളേയും ജാമ്യമില്ലാ വകുപ്പുചുമത്തി ഉടൻ അറസ്റ്റുചെയ്യണമെന്ന് റോയി ആവശ്യപ്പെട്ടു.
ഇ.കെ. വാസു, എം.എൻ. ഗോപി, അനീഷ്, ലൂയിസ് വേഴന്പത്തോട്ടം തുടങ്ങിയവരും റോയിയോടൊപ്പമുണ്ടായിരുന്നു.
പ്രതിഷേധിച്ചു
കട്ടപ്പന: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗവും കട്ടപ്പന റൂറൽ ബാങ്കിന്റെ സെക്രട്ടറിയുമായ കെ.വി. കുര്യാക്കോസിനേയും ജീവനക്കാരായ ബിനോയ് തോമസ്, തോമസ് ജോസഫ് തുടങ്ങിയവരെയും ചൊവ്വാഴ്ച രാത്രി സിഐടിയു ഗുണ്ടകൾ അണക്കരയിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ കെസിഇഎഫ് പ്രതിഷേധിച്ചു.
കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസിഇഎഫ് ഉടുന്പൻചോല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. ഉടുന്പൻചോല താലൂക്ക് പ്രസിഡന്റ് ജിനേഷ് കെ. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി മാത്യു ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മറ്റിയംഗം എം.എം. ജോസഫ്, താലൂക്ക് സെക്രട്ടറി വൈശാഖ് മോഹനൻ, ഉല്ലാസ് സെബാസ്റ്റ്യൻ, റോബിൻസ് ജോർജ്, സി.ജെ. ബിനുമോൻ, ലിജോ മാത്യു, ഏബ്രഹാം കുര്യാക്കോസ്, ഏബ്രഹാം ഡോമിനിക്, സന്തോഷ്കുമാർ തുടങ്ങിയവർ നേതൃത്വംനല്കി.