ലി​റ്റി​ൽ കൈ​റ്റ്സ് ക്യാ​ന്പു​ക​ൾക്ക് ജില്ലയിൽ തുടക്കം
Saturday, November 16, 2019 11:52 PM IST
തൊ​ടു​പു​ഴ: ലി​റ്റി​ൽ കൈ​റ്റ്സ് ഉ​പ ജി​ല്ലാ ക്യാ​ന്പു​ക​ൾ​ക്ക് തു​ട​ക്കം. ച​ന്ദ്ര​യാ​ൻ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഗെ​യി​മു​ക​ൾ ത​യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക്യാ​ന്പി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ച​ാന്ദ്ര​യാ​ൻ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ ഘ​ട്ട​ങ്ങ​ൾ, ക്ര​മാ​നു​ഗ​ത​മാ​യ ഭ്ര​മ​ണ​പ​ഥം ഉ​യ​ർ​ത്ത​ൽ, സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ക​ന്പ്യൂ​ട്ട​ർ ഗെ​യിം വി​ഷ്വ​ൽ പ്രോ​ഗ്രാ​മിം​ഗ് സോ​ഫ്റ്റ്‌വെയ​റാ​യ സ്ക്രാ​ച്ച് ഉ​പ​യോ​ഗി​ച്ച് പ്രോ​ഗ്രാ​മിം​ഗ് വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ തയാ​റാ​ക്കും. ആ​നി​മേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ല​ഘു​ക​ഥ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​നി​മേ​ഷ​നു​ക​ൾ റ്റു​പി​ ട്യൂ​ബ് ഡെ​സ്ക് എ​ന്ന സോ​ഫ്റ്റ്‌വെയ​റി​ൽ ത​യാ​റാ​ക്കും.

പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌വെയർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ക്യാ​ന്പി​ലെ പ​രി​ശീ​ല​ന​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ 93 സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റു​ക​ളി​ലാ​യി 2528 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

യൂ​ണി​റ്റു​ക​ളി​ൽ ന​ട​ന്ന സ്കൂ​ൾ​ത​ല ക്യാ​ന്പി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 680 കു​ട്ടി​ക​ളാ​ണ് ഉ​പ​ജി​ല്ലാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​രു യൂ​ണി​റ്റി​ൽ നി​ന്ന് പ്രോ​ഗ്രാ​മിം​ഗി​നും അ​നി​മേ​ഷ​നും നാ​ലു​വീ​തം കു​ട്ടി​ക​ളെ​യാ​ണ് ഉ​പ​ജി​ല്ലാ ക്യാ​ന്പി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ട് ഉ​പ​ജി​ല്ല​ക​ളി​ലാ​യി ര​ണ്ട് ദ്വി​ദി​ന ക്യാ​ന്പു​ക​ൾ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. എ​ട്ട് ക്യാ​ന്പു​ക​ൾ 22 നും ​ഏ​ഴ് ക്യാ​ന്പു​ക​ൾ ഡി​സം​ബ​ർ ഏ​ഴി​നും ന​ട​ത്തും.

ആ​ൻ​ഡ്രോ​യ്ഡ് ആ​പ്പു​ക​ൾ ത​യാ​റാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഓ​പ്പ​ണ്‍​സോ​ഴ്സ് സോ​ഫ്റ്റ്‌വെയ​റാ​യ ആ​പ്പ് ഇ​ൻ​വെ​ന്‍റ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള മൊ​ബൈ​ൽ ഗെ​യിം, ടോ​ർ​ച്ച് ആ​പ്പ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, ത്രീ​ഡി അ​നി​മേ​ഷ​ൻ സോ​ഫ്റ്റ്വെ​യ​റാ​യ ബ്ലെ​ൻ​ഡ​ർ, റ്റു​ഡി അ​നി​മേ​ഷ​ൻ സോ​ഫ്റ്റ്‌വെയ​റാ​യ റ്റു​പി​ട്യൂ​ബ് ഡെ​സ്ക് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള അ​നി​മേ​ഷ​ൻ നി​ർ​മാ​ണം, സൈ​ബ​ർ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ അ​വ​ത​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ദ്വി​ദി​ന പ​രി​ശീ​ല​ന ക്യാ​ന്പി​ലെ മ​റ്റ് പ്ര​ധാ​ന​പ്പെ​ട്ട പ​രി​ശീ​ല​ന മേ​ഖ​ല​ക​ൾ. ഹൈ​ടെ​ക് സം​വി​ധാ​ന​ങ്ങ​ൾ ക്ലാ​സ്മു​റി​ക​ളി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും ലി​റ്റി​ൽ​കൈ​റ്റ്സ് അം​ഗ​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ന്ന സെ​ഷ​നു​ക​ളും ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലി​റ്റി​ൽ കൈ​റ്റ്സ് റ​വ​ന്യൂ ജി​ല്ലാ ക്യാ​ന്പി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഉ​പ​ജി​ല്ലാ​ക്യാ​ന്പി​ൽ ന​ട​ക്കും.