നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിന്റെ 60-ാമത് വാർഷികത്തിന്റെ ഭാഗമായി മാർച്ച് 22-ന് നടക്കുന്ന പൂർവവിദ്യാർഥി സംഗമത്തിനു മുന്നോടിയായി ഇന്നുമുതൽ പൂർവവിദ്യാർഥികളുടെ മേഖലാതല യോഗങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പതിമൂവായിരത്തോളം പേരെ പൂർവവിദ്യാർഥി, അധ്യാപക സംഗമത്തിൽ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ഇന്ന് നെടുങ്കണ്ടം പടിഞ്ഞാറേക്കവല മേഖലാതല യോഗം തുളസിപ്പാറ പ്രകാശിന്റെ വീട്ടിലും ചേന്പളം, പാന്പാടുംപാറ, കവുന്തി മേഖലകളിലെ യോഗം മാർച്ച് രണ്ടിന് ചേന്പളം മിൽമ ഹാളിലും ചക്കക്കാനം ആശാരികണ്ടം യോഗം മാർച്ച് മൂന്നിന് പി.കെ. ഷാജിയുടെ വീട്ടിലും മൈനർസിറ്റി, കൽക്കൂന്തൽ മേഖലായോഗം മാർച്ച് നാലിന് കൽകൂന്തൽ കമ്യൂണിറ്റി ഹാളിലും താന്നിമൂട്, അന്പലപ്പാറ, ഇല്ലിക്കാനം മേഖലായോഗം മാർച്ച് അഞ്ചിന് വേണുഗോപാലിന്റെ വീട്ടിലും പച്ചടി, കുരിശുപാറ മേഖലായോഗം മാർച്ച് അഞ്ചിന് പച്ചടി ലൈബ്രറി ഹാളിലും കല്ലാർ, പതിനഞ്ചിൽപടി, കെ എസ്ഇബി മേഖല യോഗം മാർച്ച് എട്ടിന് കല്ലാർ ക്ഷേത്ര ഹാളിലും നടക്കും.
ആഘോഷ പരിപാടികളുടെ ഭാഗമായി സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്. ചരിത്ര രേഖകൾ, പ്രസിദ്ധീകരണയോഗ്യമായ ഫോട്ടോകൾ എന്നിവ സംഘാടകസമിതിയെ ഏൽപിക്കണമെന്ന് ഭാരവാഹികളായ എം.എസ്. മഹേശ്വരൻ, എം. സുകുമാരൻ, പി.കെ. ഷാജി, പി.എസ്. ഭാനുകുമാർ, എം.എ. സിറാജുദീൻ, ടോം ലൂക്കോസ്, ടി. പ്രകാശ്, പി.ജി. രവീന്ദ്രനാഥ്, ജി.കെ. രാജശേഖരൻ എന്നിവർ അറിയിച്ചു.