മോ​ഹ​ന​ന്‍റെ മ​ര​ണം: മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, August 1, 2020 10:27 PM IST
അ​ടി​മാ​ലി. ആ​ന​ച്ചാ​ൽ ആ​മ​ക​ണ്ടം ട്രൈ​ബ​ൽ സെ​റ്റി​ൽ​മെ​ന്‍റി​ലെ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മോ​ഹ​ന​ന്‍റെ (30) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ ടീം ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി. ക​ഴി​ഞ്ഞ 14-ന് ​ആ​ന​ച്ചാ​ൽ ആ​മ​ക​ണ്ടം ട്രൈ​ബ​ൽ സെ​റ്റി​ൽ​മെ​ന്‍റ് റോ​ഡി​നു സ​മീ​പ​മാ​യി​രു​ന്നു മോ​ഹ​ന​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​ക്ഷേ​പ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. 13-ന് ​രാ​ത്രി മോ​ഹ​ന​നെ ര​ണ്ടു യു​വാ​ക്ക​ൾ കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യ​താ​യും ആ​ന​ച്ചാ​ലി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണ​വും ക​ഴി​ച്ച​ശേ​ഷം ര​ണ്ടാം​മൈ​ൽ​വ​രെ ഇ​വ​ർ യാ​ത്ര ചെ​യ്തി​രു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​ണ്‍, സി​സി​ടി​വി എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.