നെൽവിത്തുകളുടെ പ്രദർശനം
1225400
Wednesday, September 28, 2022 12:22 AM IST
വരാപ്പുഴ: കൂനമ്മാവ് ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂളിൽ നെൽവിത്തുകളുടെ പ്രദർശനവും സെമിനാറും നടത്തി. സ്കൂളിനു സമീപത്തുള്ള മുളവനത്തിൽ വയനാട് സുൽത്താൻ ബത്തേരിയിലെ പരമ്പരാഗത നെൽകർഷകൻ പ്രസീദ് കുമാറാണ് തന്റെ കൃഷിയിടത്തിൽ വിളയിച്ച നൂറോളം പരമ്പരാഗത നെൽവിത്തുകളുടെ പ്രദർശനം നടത്തിയത്. ഏകദേശം മുന്നൂറിനം നെല്ലിനങ്ങൾ പ്രസീദ്കുമാറിന്റെ കൈവശമുണ്ട്. ഇതിൽ നൂറോളം വിത്തിനങ്ങൾ നിലവിൽ കൃഷിയിറക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
പ്രസീദ് കുമാറിന്റെ പരമ്പരാഗത നെല്ലിനങ്ങൾ ഔഷധഗുണമുള്ള സുഗന്ധ നെല്ലിനങ്ങളാണ്. വംശനാശ ഭീക്ഷണി നേരിട്ടുകൊണ്ടിരിക്കുന്ന നെല്ലിനങ്ങളാണിവ. രാജാക്കൻമാരുടെ ഭക്ഷണമായ രക്തശാലിയും, കേരളത്തിന്റെ തനതു നെല്ലായ ഞവരയും, നെല്ലിക്കയുടെ മണവും രുചിയുമുള്ള ഡാബർശാലയും, കാടുകളിൽ മാത്രം വളരുന്ന മുസർബാത്തെന്ന കാട്ടുനെല്ലും, വയനാടൻ നെല്ലിനമായ കുഞ്ഞൻ തൊണ്ടിയും, പാലക്കാടൻ മല്ലി കുറുവയും പ്രദർശനത്തിന്റെ മാറ്റുകൂട്ടി, വയനാട് ജീരകശാല ഗന്ധകശാല, കരിബസൂരി എന്നിങ്ങനെ വിവിധ ഇനം നെല്ലിനങ്ങളുടെ ഗൂണങ്ങൾ പ്രസീത് കുമാർ കുട്ടികൾക്ക് ക്ലാസിൽ വിശദീകരിച്ചുകൊടുത്തു.
വ്യത്യസ്ത ഇനം നെൽച്ചടികൾ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുമെന്നതിനാൽ അവയെ ക്രമമായ ആകൃതിയിൽ നട്ടു വളർത്തി ‘പാഡി ആർട്ട്’ സൃഷ്ടിക്കുക എന്ന ആശയം കുട്ടികളിൽ വലിയ താത്പര്യമാണ് ഉണർത്തിയത്. സ്കൂൾ പ്രിൻസിപ്പൽ ഫാ. ടോമി കൊച്ചിലഞ്ഞിക്കൽ, വൈസ് പ്രിൻസിപ്പൽ അനില അലക്സാണ്ടർ, ആലങ്ങാട് കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, അധ്യാപക കോ-ഓർഡിനേറ്റർമാരായ കെ.എ. അനിത, സിത്താര ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.