കോതമംഗലം/വാഴക്കുളം: വിവിധ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ലോംഗ് മാർച്ചിന് കോതമംഗലത്തും വാഴക്കുളത്തും സ്വീകരണം നൽകി. വർധിച്ചുവരുന്നലഹരി വ്യാപനം, തൊഴിലില്ലായ്മ, ബഫർ സോണ്‍ പ്രശ്നങ്ങൾ, ദളിത് ക്രൈസ്തവ പ്രശ്നങ്ങൾ, തീരദേശ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇരുപതോളം ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ യൂസിഎഫ് (യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം) ആണ് ലോംഗ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കീരംപാറ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ ലോംഗ് മാർച്ച് ക്യാപ്റ്റൻ ജസ്റ്റിൻ പള്ളിവാതുക്കലിനെ പൊന്നാടയണിച്ച് സ്വീകരിച്ചു. ഡിഎഫ്സി കോതമംഗലം രൂപത ജനറൽ സെക്രട്ടറി ഡിഗോൾ കൊളന്പേൽ, എകെസിസി പ്രതിനിധി പ്രഫ. ജോർജ് കുര്യാക്കോസ്, പിതൃവേദി പ്രസിഡന്റ് സോണി പാന്പയ്ക്കൽ, ജിജോ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രീയ നേതൃത്വവും ഭരണകർത്താക്കളും യുസിഎഫ് മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ പരിഗണിക്കണമെന്നും ശാശ്വത പരിഹാര മാർഗങ്ങൾ രൂപപ്പെടുത്തണമെന്നും ക്യാപ്റ്റൻ ജസ്റ്റിൻ പള്ളിവാതുക്കൽ ആവശ്യപ്പെട്ടു. കത്തീഡ്രൽ പള്ളി അസിസ്റ്റന്റ് വികാരി ഫാ. സിറിൽ വള്ളോംകുന്നേൽ നന്ദി പറഞ്ഞു. കോതമംഗലം ഇടവകയിലെ കൈക്കാരന്മാർ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, പിതൃവേദി, എകെസിസി, ഡിഎഫ്സി, മാതൃവേദി, ഭാരവാഹികളും പ്രതിനിധികളും സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് ഓഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാർച്ചിന് കത്തോലിക്ക കോണ്‍ഗ്രസിന്റെയും ഇൻഫാമിന്റെയും നേതൃത്വത്തിലാണ് വാഴക്കുളത്ത് സ്വീകരണം നൽകിയത്. ജാഥയ്ക്ക് നേതൃത്വം നൽകുന്ന സൊസൈറ്റി പ്രസിഡന്റ് ജസ്റ്റിൻ പള്ളിവാതുക്കലിനെ ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് പൊന്നാടയണിയിച്ച് സ്വീകരിച്ചു. എകെസിസി രൂപത പ്രസിഡന്റ് ജോസ് പുതിയടം, സെക്രട്ടറി ജോസ് കൊട്ടുപ്പിള്ളിൽ, ഫൊറോന പ്രസിഡന്റ് സിജോ മാഞ്ചേരിൽ, യൂണിറ്റ് പ്രസിഡന്റ് ജിജി പാറയിൽ, ഇൻഫാം ഭാരവാഹികളായ ജോയി തെങ്ങുംകുടിയിൽ, ജോയി പള്ളിവാതുക്കൽ, വി.എം. ഫ്രാൻസിസ്, ജയ്സണ്‍ കോലടി തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.