പിറവം: ലോക ഭിന്നശേഷി ദിനത്തിൽ പ്രതിജ്ഞയെടുത്ത് രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. കേഡറ്റുമാരുടെ നേതൃത്വത്തിൽ പോസ്റ്റർ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. മനുഷ്യരെല്ലാം വ്യത്യസ്ത ശേഷിക്കാരാണെന്നും ആരും ആരേക്കാളും ചെറുതും വലുതുമല്ലെന്ന ആത്മബോധത്തോടെ ജീവിക്കാനും ഭിന്നശേഷിക്കാരായ കുട്ടികളോടും മുതിര്‍ന്നവരോടും ബഹുമാനത്തോടെയും ആദരവോടെയും സ്നേഹത്തോടെയും പെരുമാറാനുള്ള സന്ദേശവും പ്രതിജ്ഞയിലൂടെ നൽകി.
എസ്പിസി കമ്യൂണിറ്റി പോലീസ് ഓഫീസർ അനൂപ് ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാമമംഗലം സ്കൂളിലെ എസ്പിസിക്ക് കഴിഞ്ഞ വർഷം ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സഹചാരി പുരസ്കാരം ലഭിച്ചിരുന്നു. പരിപാടികൾക്ക് സ്മിത കെ. വിജയൻ, നയന ഏലിയാസ്, വി.എൻ. ഗിരിജ, ഇ.വി. വിദ്യ എന്നിവർ നേതൃത്വം നൽകി.
പോത്താനിക്കാട്: പല്ലാരിമംഗലം ബഡ്സ് സ്കൂളിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി. ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്ത് സ്പെഷൽ ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ റിയാസ് തുരുത്തേൽ, എ.എ. രമണൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീകല റെജി എന്നിവർ പ്രസംഗിച്ചു.
കോതമംഗലം: നരസഭയിൽ റാലിയോടെ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. പെയിൻ ആന്‍ഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖത്തിൽ നടത്തിയ റാലിയിൽ താലൂക്കിലെ കാഴ്ച, കേൾവി, ശാരീരിക വൈകല്യമുള്ള ആളുകൾ പങ്കെടുത്തു. ആന്റണി ജോണ്‍ എംഎൽഎ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
വൈസ് ചെയർപേഴ്സണ്‍ സിന്ധു ഗണേശൻ, നഗരസഭാംഗം സിജോ വർഗീസ്, സിഐ ബിജോയ്, കോതമംഗലം പെയിൻ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകരായ കുര്യാക്കോസ് ജേക്കബ്, റോയി ജേക്കബ്, പി.കെ. മണിക്കുട്ടൻ, ഷൈനി ജോണി, സി.പി. ബഷീർ, ഇ.വി. എബ്രഹാം, വീൽചെയർ യൂസേഴ്സിന്റെ പ്രവർത്തകരായ അനിൽകുമാർ, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.
അരമനപ്പടി ബൈപ്പാസിൽ സമാപിച്ച റാലിയെ സ്വീകരിച്ച് പോത്താനിക്കാട് ശാലോംഭവൻ ഡയറക്ടർ സിസ്റ്റർ ഷേബ പ്രസംഗിച്ചു.