ചേ​രാ​നെ​ല്ലൂ​രി​ന്‍റെ "ദാ​ഹം' ഉ​ട​ന്‍ മാ​റും
Tuesday, December 6, 2022 12:16 AM IST
കൊ​ച്ചി: ചേ​രാ​നെ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​യി ഒ​രു​ക്കു​ന്ന ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി.
പദ്ധതിയുടെ ഭാ​ഗ​മാ​യി ചേ​രാ​നെ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ​യും അ​തി​ര്‍​ത്തി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന വാ​ട്ട​ര്‍ ടാ​ങ്ക് നി​ര്‍​മാ​ണം നേ​ര​ത്തെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു.
വാ​ട്ട​ര്‍ ടാ​ങ്കി​ലേ​ക്ക് കൂ​ടു​ത​ല്‍ ജ​ല​മെ​ത്തി​ക്കാ​നു​ള്ള പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും ടാ​ങ്കി​ന്‍റെ ബ​ല പ​രി​ശോ​ധ​ന​യു​മു​ള്‍​പ്പ​ടെ​യു​ള്ള പ്രവൃത്തികളും ഇതിനോടകം പൂ​ര്‍​ത്തി​യാ​യി.
15 ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള വാ​ട്ട​ര്‍ ടാ​ങ്ക് ആ​ണ് ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന​ത്. 7.75 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്. ഉയരത്തിലുള്ള വാ​ട്ട​ര്‍ ടാ​ങ്കി​ന് പു​റ​മെ ര​ണ്ട് ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഭൂ​ത​ല വാ​ട്ട​ര്‍ ടാ​ങ്ക് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ആ​ലു​വ ത​മ്മ​നം 1200 എം​എം പൈ​പ്പി​ല്‍ നി​ന്നാ​യി​രി​ക്കും ടാ​ങ്കി​ലേ​ക്ക് ജ​ല​മെ​ത്തി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ലക്ഷാമത്തിന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ പ​ദ്ധ​തി വ​ഴി സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.