മിനി ബാബുവിന് നവജീവൻ പുരസ്കാരം
1247109
Friday, December 9, 2022 12:36 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ(മാസ്) പ്രഥമ നവജീവൻ പുരസ്കാരം കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അർഹയായി. 20ന് രാവിലെ 10ന് മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ പുരസ്കാരം സമ്മാനിക്കുമെന്ന് മാസ് ബോർഡ് ചെയർമാൻ ഡോ. ജോസുകുട്ടി ജെ. ഒഴുകയിലും അവാർഡ് കമ്മിറ്റി ചെയർമാൻ റവ. ഡോ. ആന്റണി പുത്തൻകുളവും അറിയിച്ചു.
33,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ നടത്തിയ സമഗ്ര സംഭാവനക്കുള്ള അംഗീകാരമായിട്ടാണ് പുരസ്കാരം നൽകുന്നതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.