മുഹൂർത്തത്തിനു മുന്പ് യുവതി കാലുമാറി; വിവാഹം മുടങ്ങി
1262574
Saturday, January 28, 2023 12:07 AM IST
പറവൂർ: താലി ചാർത്തുന്നതിന് തൊട്ടു മുൻപ് വിവാഹത്തിന് ഇഷ്ടമല്ലെന്ന വധുവിന്റെ വെളിപ്പെ ടുത്തലിനെ തുടർന്ന് വിവാഹം മുടങ്ങി. വ്യാഴാഴ്ച രാവിലെ പറയകാട് ഗുരുതിപ്പാടം ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങൾ അരേങ്ങേറിയത്.
പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും മാള അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് ഇവിടെ നടത്താൻ നിശ്ചയിച്ചിരുന്നത്. ക്ഷേത്രം പൂജാരി പരസ്പരം ചാർത്തുന്നതിനായി ഇരുവർക്കും മാല നൽകി. വരനെ മാല അണിയിക്കാൻ ആവശ്യപ്പെട്ടെങ്കിലും വധു കൂട്ടാക്കിയില്ല. വരനോട് വ്യക്തിപരമായി ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് വധു പറഞ്ഞു. വൈപ്പിൻ സ്വദേശിയായ ഒരു യുവാവുമായി താൻ ഏറെ നാളായി പ്രണയത്തിലാണെന്നും, ഈ വിവാഹത്തിന് സമ്മതമല്ലെന്നും യുവതി പറഞ്ഞു.
വീട്ടുകാർ നിർബന്ധിച്ചതിനാലാണ് വിവാഹത്തിന് സമ്മതം പറഞ്ഞത്. വിഷയം ബോധ്യപ്പെട്ട വരന്റെ വീട്ടുകാർ വടക്കേക്കര പോലീസിൽ വിവരമറിയിച്ചു. പോലീസ് അമ്പലത്തിൽ എത്തി ഇരു വീട്ടുകാരോടും സ്റ്റേഷനിലെത്താൻ പറഞ്ഞു. തുടർന്ന് നടത്തിയ അനുരഞ്ജന ചർച്ചയിൽ ഇരു വീട്ടുകാരും രമ്യതയിൽ പിരിഞ്ഞു. വിവാഹത്തിനായി വരന്റെ കുടുംബത്തിന് ചെലവായ തുകയായ അഞ്ചു ലക്ഷം രൂപ മടക്കിനൽകിയാണ് പ്രശ്നം ഒത്തുതീർന്നത്.