തീ അടങ്ങുന്നില്ല ; സഹായത്തിന് നാവികസേനയും
1274002
Saturday, March 4, 2023 12:02 AM IST
കൊച്ചി: ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റില്‍ വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തം ഇന്നലെയും അണയ്ക്കാനായില്ല. ഉച്ചയോടെ തീ നിയന്ത്രണ വിധേയമാക്കാനായെങ്കിലും പിന്നീട് കാറ്റ് ശക്തമായതോടെ തീ ആളിപ്പടരുകയായിരുന്നു. കൂടുതല്‍ മേഖലയിലേക്ക് ഇപ്പോള്‍ തീ പടര്‍ന്നിരിക്കുകയാണ്. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് പത്തോളം അഗ്നി രക്ഷാ യൂണിറ്റുകള്‍ രാവും പകലും തീ അണയ്ക്കല്‍ ശ്രമത്തിലാണ്. ഇന്നലെ വൈകുന്നേരത്തോടെ നാവികസേനയുടെ ഹെലികോപ്റ്ററും സ്ഥലത്തെത്തി.
മേയറുടെ അഭ്യര്‍ഥന പ്രകാരമാണ് നേവിയുടെ ഹെലികോപ്റ്റര്‍ ബ്രഹ്മപുരത്ത് നിരീക്ഷണത്തിനെത്തിയത്. സ്ഥലം സന്ദര്‍ശിച്ച കളക്ടറും നേവിയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. നേവിയുടെ റോഡ് മാര്‍ഗമുളള ഒരു സ്ക്വാഡും പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്നു പുലര്‍ച്ചയോടെ തന്നെ തീ അണയ്ക്കുവാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഫയർ ഫോഴ്സ്.
വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് തീപിടിത്തമുണ്ടായത്. ‘ഡംപ്യാര്ഡി’ലെ മാലിന്യക്കൂമ്പാരത്തിന്റെ ഒരു ഭാഗത്താണ് തീപിടിച്ചത്. ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള 200 ലധികം അഗ്നിശമന സേനാംഗങ്ങളും 30 അഗ്നിശമന വാഹനങ്ങളും വിന്യസിച്ചിട്ടുണ്ടെങ്കിലും തീ അണയ്ക്കാന്‍ അവര്‍ പാടുപെടുകയായിരുന്നു. തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് വെള്ളമെത്തിക്കാന്‍ മതിയായ ഹൈഡ്രന്റ് പോയിന്റുകളും പമ്പുകളും ഇല്ലാത്തതും വെളിച്ചമോ റോഡോ ഇല്ലാത്തതും തീ അണയ്ക്കല്‍ ദുഷ്കരമാക്കി.
പ്ലാന്റിലെ ജൈവ ഖനനം നടത്തേണ്ട മേഖലയായ സെക്ടര്‍ ഒന്നിലാണ് തീപിടിത്തമുണ്ടായത്. വലിയൊരു മാലിന്യക്കൂമ്പാരമാണിവിടെ. 2021ല്‍ ഇവിടെ ഒരു വലിയ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ജൈവ ഖനനം നടത്തുന്ന സ്വകാര്യ സ്ഥാപനം അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം അത്തരത്തിലുള്ള ഒരു സംഭവവും ഉണ്ടായിട്ടില്ല.
ഇരുമ്പനവും എരൂരും
പുകയിൽ പുളഞ്ഞു
തൃപ്പൂണിത്തുറ : ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടായ പുക വടക്കേ ഇരുമ്പനം, എരൂരിന്റെ വടക്കുഭാഗം എന്നിവിടങ്ങളിൽ സാരമായി ബാധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് വെയിലിന്റെ കാഠിന്യമേറിയ സമയങ്ങളിലും ഇവിടങ്ങളിൽ പ്ലാസ്റ്റിക് കത്തുന്ന മണവും പുകയും വ്യാപിച്ചിരിക്കുകയായിരുന്നു.
ഇരുമ്പനത്തെ കമ്പനികളിൽ ഗ്യാസ് പ്ലാന്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇന്നലെ രാവിലെ കൂടുതലായി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. മഞ്ഞിനൊപ്പം വായുവിന് ചലനമില്ലാതെ പുക കെട്ടിനിന്നതാണ് ഇവിടങ്ങളിൽ ആളുകളെ അസ്വസ്ഥതപ്പെടുത്തിയത്.
കഴിഞ്ഞ രാത്രി മഞ്ഞിനോടൊപ്പമെത്തിയ പുകയും മണവും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിരുന്നെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ തൃപ്പൂണിത്തുറയുടെ മറ്റു ഭാഗങ്ങളിൽനിന്നു പുക മാറിയിരുന്നു.
കളക്ടര്‍ റിപ്പോര്‍ട്ട് തേടി
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് കളക്ടര്‍ രേണു രാജ് റപ്പോര്‍ട്ട് തേടി. കൊച്ചി കോര്പറേഷന് സെക്രട്ടറി, ഫയര്‍ ആന്‍ഡ് റെസ്ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കണ്ട്രോള് റൂം
ആരംഭിച്ചു
ബ്രഹ്മപുരത്ത് മാലിന്യത്തില്‍ പടര്‍ന്ന് പിടിച്ച തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇന്നലെയും പരജയപ്പെട്ട സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂം തുറന്നു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. അഷറഫ്, പി.ആര്. റെനീഷ്, വി.എ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ തീ അണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.