കൊച്ചി: നഗരത്തില്‍ നടത്തിയ പോലീസിന്റെ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 175 പേർക്കെതിരെ കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് 21 കേസുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട് പത്തു കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 18 കേസുകളും 232 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തു.
വാഹന അപകടങ്ങള്‍ കുറയ്ക്കുക, ലഹരി നിര്‍മാര്‍ജനം, കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്റെ നിര്‍ദേശപ്രകാരമാണ് വാഹന പരിശോധന നടത്തിയത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ബിജു ഭാസ്കറിന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരി, എറണാകുളം, എറണാകുളം സെന്‍ട്രല്‍, തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍മാരെ ഏകോപിപ്പിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.