മാലിന്യ നീക്കം വിജയം കണ്ടില്ല; ബ്രഹ്മപുരം തുറക്കാന്‍ വഴിതേടി കോർപറേഷൻ
1299963
Sunday, June 4, 2023 7:32 AM IST
കൊച്ചി: സ്വകാര്യ ഏജന്‍സികളെ നിയോഗിച്ചുള്ള മാലിന്യ നീക്കം പാളിയതോടെ പഴയതുപോലെ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാനുള്ള വഴി തേടി കോര്പറേഷന്. ജൈവമാലിന്യം കൊണ്ടുപോകുന്നതിന് ബ്രഹ്മപുരം തുറന്നുതരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി 50 ടണ്‍ മാലിന്യം പോലും നഗരത്തില്‍നിന്ന് നീക്കം ചെയ്യാന്‍ കരാര്‍ ഏറ്റെടുത്ത മൂന്ന് സ്വകാര്യ ഏജന്‍സികള്‍ക്കും കഴിഞ്ഞില്ല. ഇതിനിടെ ഒരു ഏജന്‍സി കരാറില്‍നിന്ന് പിന്മാറിയതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. മാലിന്യം വഴിയോരങ്ങളില്‍ കുന്നുകൂടുന്ന അവസ്ഥ ഒഴിവാക്കാന്‍ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകുക മാത്രമേ മാര്‍ഗമുള്ളു. ഇക്കാര്യം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷുമായും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവുമായും ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദിവസേന 100 ടണ്‍ മാലിന്യ നീക്കം നടന്നിടത്ത് ഇപ്പോള്‍ നടക്കുന്നത് 50 ടണ്ണില്‍ താഴെ മാത്രമാണ്. സ്വകാര്യ ഏജന്‍സികള്‍ മാലിന്യം എടുത്തു തുടങ്ങിയ ഒന്നാം തീയതി 10 ലോഡ് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോയിരുന്നു. അന്ന് 22 ലോഡ് മാത്രമേ മൂന്ന് സ്വകാര്യ ഏജന്‍സികള്‍ക്കും കൂടി കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നുള്ളു.
ഒന്നാം തീയതിക്കു ശേഷം മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളതിനാല്‍ മാലിന്യം വഴിയില്‍ കിടക്കുന്ന സ്ഥിതിയിലായി. അത് ഗുരുതര സ്ഥിതി വിശേഷത്തിലേക്ക് എത്തിക്കുമെന്നതിനാലാണ് അടിയന്തിരമായി സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടുന്നത്.