മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ ഉൾപ്പെടെ ജില്ലയിൽ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബഡ്സ് സ്കൂൾ ആരംഭിക്കാൻ അനുമതി നൽകി. മൂവാറ്റുപുഴയ്ക്കൊപ്പം പൂതൃക്ക, പുത്തൻവേലിക്കര, കല്ലൂർക്കാട് എന്നീ പഞ്ചായത്തുകൾക്കാണ് ബഡ്സ് സ്കൂളുകൾ ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഉപദേശക സമിതി യോഗത്തിൽ അനുമതി നൽകിയത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന നടപ്പാക്കിയ നൂതന തെറാപ്പി ഉപകരണങ്ങളുടെ വിതരണവും, ബഡ്സ് സ്കൂൾ അനുമതി ലഭിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടത്തി.
ജില്ലയിൽ തെരഞ്ഞെടുത്ത 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. 2021-22 സാന്പത്തിക വർഷത്തിൽ അനുമതി ലഭിച്ച ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ വിലയിരുത്തി. മികച്ച രീതിയിൽ തുക ചെലവഴിച്ച 10 പഞ്ചായത്തുകൾക്ക് രണ്ടാംഘട്ട തുകയായി 12,50,000 അനുവദിക്കും. 2018-19 വർഷത്തിൽ ബഡ്സ് സ്ഥാപനം ആരംഭിക്കുന്നതിന് അനുമതി ലഭിക്കുകയും സംസ്ഥാന സർക്കാരിൽ നിന്നും 12.5 ലക്ഷം ലഭിക്കുകയും ചെയ്ത 22 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തന പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു.
നിലവിൽ 15 സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. തുക ലഭിച്ചിട്ടും ഇതുവരെ സ്കൂൾ ആരംഭിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുക സർക്കാരിലേക്ക് തിരിച്ചടക്കണമെന്നും യോഗത്തിൽ നിർദേശം നൽകി. ബഡ്സ് സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന 12,50,000 രൂപ വിനിയോഗിക്കേണ്ടതിന്റെ മാർഗനിർദേശങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.എം. റജീന യോഗത്തിൽ വിശദീകരിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.എച്ച്. ഷൈൻ, സാമൂഹ്യ നീതി ഓഫീസർ (ഇൻ ചാർജ്) എം.വി. സ്മിത, സോഷ്യൽ ഡവലപ്മെന്റ് ജില്ലാ പ്രോഗ്രാം മാനേജർ കെ.എം. അനൂപ്, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പഞ്ചായത്തംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, കുടുംബശ്രീ സിഡിഎസ് പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ബഡ്സ് സ്കൂൾ അധ്യാപകർ ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.