സിംഗപ്പുരില്‍ നിന്ന് സിക്കിമിലേക്ക് ഒറ്റയാൾ സാഹസികയാത്ര
1338365
Tuesday, September 26, 2023 12:44 AM IST
കൊച്ചി: നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിട്ട് രാജ്യാതിര്‍ത്തികള്‍ താണ്ടിയുള്ള കാല്നടയാത്രയ്ക്കൊരുങ്ങി യുവാവ്. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെയും ആസ്റ്റര്‍ ലാബ്, ഫാര്‍മസി ഉള്‍പ്പെടെയുള്ളവയുടെയും സര്‍വീസ് എക്സലന്‍സ് വിഭാഗം തലവനായ വൈശാഖ് സീതാറാമാണ് സിംഗപ്പുരില്‍ നിന്നും സിക്കിമിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്.
ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍ധനരായ നൂറ് കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന പദ്ധതിയുടെ പ്രചാരണാര്‍ഥമാണ് ഷോര്‍സ് ടു പിനാക്കിള്‍ 3.0 എന്ന് പേരിട്ടിട്ടുള്ള സാഹസിക യാത്ര. 8800 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന യാത്രയില്‍ 2500 കിലോമീറ്റര്‍ കാല്‍നടയായും ശേഷിക്കുന്ന ദൂരം ലിഫ്റ്റ് ചോദിച്ചും പൊതു യാത്രാമാര്‍ഗങ്ങളെ ആശ്രയിച്ചുമാകും യാത്രയെന്ന് വൈശാഖ് സീതാറാം പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാളെ സിംഗപ്പുരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര നവംബര്‍ 23 ന് സിക്കിമില്‍ അവസാനിക്കും. അതിനിടെ മലേഷ്യ, വിയറ്റ്നാം, കംബോഡിയ, ലാവോസ്, തായ്ലന്ഡ്, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളിലൂടെ യാത്ര ചെയ്യും.
നേരത്തെ സൈക്കിള്‍, മോട്ടോര്‍ ബൈക്ക് എന്നിവയില്‍ സമാന രീതിയില്‍ സോളോ യാത്രകള്‍ ചെയ്ത വൈശാഖ് ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ അഫയേഴ്സ് ഡോ. ടി.ആര്. ജോണ്‍, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് അസി. ജനറല്‍ മാനേജര്‍ ലത്തീഫ് കാസിം തുടങ്ങിയവര്‍ പങ്കെടുത്തു.