മൂവാറ്റുപുഴ: സെന്റ് തോമസ് പബ്ലിക് സ്കൂളിന്റെ ആതിഥേയത്വത്തിൽ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകളുടെ സംഘടനയായ സെൻട്രൽ കേരള സഹോദയയുടെ കായികമേള നാലുമുതൽ ആറു വരെ മൂവാറ്റുപുഴ നഗരസഭ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ. ജോണ് പുത്തൂരാൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 110-ഓളം സ്കൂളുകൾ അംഗങ്ങളായ സെൻട്രൽ കേരള സഹോദയയിൽ നിന്നും 100ഓളം സ്കൂളുകളും 3000-ഓളം മത്സരാർത്ഥികളും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ മാറ്റുരക്കും.
മൂവാറ്റുപുഴയിൽ ആദ്യമായാണ് സിബിഎസ്ഇ സ്കൂളുകളുടെ ഇത്രയും വലിയ ഒരു മത്സരം സംഘടിപ്പിക്കുന്നത്. നാലിന് രാവിലെ മത്സരങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരിത്തറ സിഎംഐ പതാക ഉയർത്തും. മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസ് മാർച്ച് പാസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്യും. ഒളിന്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ, നഗരസഭാംഗങ്ങളായ പി.എം. അബ്ദുൽ സലാം, കെ.ജി. അനിൽകുമാർ, കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി പ്രഫ. പി.ഐ. ബാബു എന്നിവർ പങ്കെടുക്കും. ആറിന് വൈകുന്നേരം നാലിന് മാത്യു കുഴൽനാടൻ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആർടിഒ പി.എം. ഷബീർ, പോലീസ് ഇൻസ്പെക്ടർ പി.എം. ബൈജു, ജോയിന്റ് ആർടിഒ എസ്. അനിൽകുമാർ, ഫയർ ഓഫീസർ മനോജ് എസ്. നായക്, എസ്ഐമാരായ മാഹിൻ സലീം, വിഷ്ണു രാജു, ഒ.വി. റെജി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. രഞ്ജിത്ത്, ആർടിഒ എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. രജനീഷ് എന്നിവർ വിവിധ ദിവസങ്ങളിൽ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. എട്ട് മുതൽ 19 വരെ പ്രായമുള്ള സ്കൂൾ വിദ്യാർഥികളാണ് വിവിധ സിബിഎസ്ഇ സ്കൂളുകളെ പ്രതിനിധീകരിച്ച് 93 ഇനങ്ങളിലായി മത്സരിക്കുന്നത്. ജനറൽ കണ്വീനർ മേരി സാബു, സികെഎസ് സ്പോട്സ് കോ-ഓർഡിനേറ്റർ ഡോ. പി. അശോകൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.