പിറവം: പിറവത്ത് ശനിയാഴ്ച നടക്കുന്ന വള്ളംകളിക്കായി ജലരാജാക്കൻമാർ എത്തിത്തുടങ്ങി. തൃശൂരിലെ കോട്ടപ്പുറം വള്ളംകളിക്കുശേഷം ഒമ്പതു ചുണ്ടൻ വള്ളം പിറവത്തേക്ക് എത്തിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് പിറവം പാലത്തിന് സമീപമാണ് മത്സരങ്ങൾ. ചുരളൻ വള്ളങ്ങളും എത്തുന്നുണ്ട്.
ഒഴുക്കിനെതിരെ തുഴഞ്ഞു മത്സരിക്കുന്ന ഏക വള്ളംകളി മത്സരമാണ് പിറവത്ത് നടക്കുന്നത്. സംസ്ഥാന സർക്കാർ വിനോദസഞ്ചാര വികസനം മുന്നിൽകണ്ട് നടപ്പാക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിലെ നാലാമത്തെ മത്സരമാണ് പിറവം വള്ളംകളി.
ജലമേളയിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങളെ കൂടാതെ ഒമ്പത് ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും പങ്കെടുക്കും. നഗരസഭയുടെ 27 ഡിവിഷനുകളെ ഒമ്പത് കരകളായി തിരിച്ച് ചുണ്ടൻ വള്ളങ്ങൾ ലേലം ചെയ്തു നൽകി. ഏറ്റവും കൂടിയ തുകയ്ക്ക് പാലച്ചുവട് കരക്കാർ - വീയ്യപുരം ചുണ്ടനെ സ്വന്തമാക്കി. കക്കാട് -സെന്റ് പയസ് ടെൻത് ചുണ്ടൻ, പിറവം ടൗൺ ഭാഗം -ചമ്പക്കുളം ചുണ്ടൻ, തോട്ടഭാഗം പള്ളിക്കാവ് കരകൾ- നിരണം ചുണ്ടൻ, നിരപ്പ് കൊമ്പനാമല കരകൾ - ആയാപറമ്പ് പാണ്ടി ചുണ്ടൻ, മുളക്കുളം - നടുഭാഗം ചുണ്ടൻ, കളമ്പൂർ -കാരിച്ചാൽ ചുണ്ടൻ, കോട്ടപ്പുറം- പായിപ്പാടൻ ചുണ്ടൻ, പാഴൂർ -മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ എന്നിങ്ങനെയാണ് കരകൾക്കായി വള്ളങ്ങൾ കിട്ടിയത്.
പിറവം കടവിലമ്മ റോഡ് കടവ് ബോട്ട് ക്ലബിന്റെ വെണ്ണക്കലമ്മ, വലിയപണ്ഡിതൻ, പുത്തൻപറമ്പിൽ,പിറവം ബോട്ട് ക്ലബ്ബിന്റെ താണിയൻ, ആർകെ ടീമിന്റെ പൊഞ്ഞനത്തമ്മ, മുളക്കുളം ബോട്ട് ക്ലബിന്റെ ശ്രീഗുരുവായൂരപ്പൻ, മുളക്കുളം ശ്രീലക്ഷ്മണ ബോട്ട് ക്ലബിന്റെ ശരവണൻ, കക്കാട് കൈരളി ബോട്ട് ക്ലബിന്റെ സെന്റ് ജോസഫ്, പിറവം ത്രീ കിംഗ്സ് ബോട്ട് ക്ലബിന്റെ ശ്രീമുത്തപ്പൻ എന്നീ ഇരുട്ടുകുത്തി വള്ളങ്ങളും മത്സരിക്കും. വിജയികൾക്ക് ഇഎംഎസ്, കെ. കരുണാകരൻ, ടി.എം. ജേക്കബ്, ഉമാദേവി അന്തർജനം സ്മാരക ട്രോഫികളും കാഷ് അവാർഡുകളും നൽകും.