പിറവം: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഓണക്കൂറിൽ നിർമിച്ച നാലുവീടുകളുടെ താക്കോൽ ദാനം ഇന്ന് നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ സ്മരണാർഥം നടത്തുന്ന സ്നേഹ സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീടുകൾ പൂർത്തീകരിച്ചിരിക്കുന്നത്. വീടുകളുടെ താക്കോൽദാനം ഇന്ന് വൈകുന്നേരം ആറിന് ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കുന്ന ചടങ്ങിൽ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും. വാളനടിയിൽ ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പ ഇഷ്ടദാനമായി നൽകിയ സ്ഥലത്താണ് വീടുകൾ നിർമിച്ചിരിക്കുന്നത്.