ജനറല്‍ ആശുപത്രിയിൽ കാന്‍സര്‍ ബ്ലോക്ക് സജ്ജം
1338384
Tuesday, September 26, 2023 12:51 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായ കാന്‍സര്‍ ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാകുന്നു. മാര്‍ക്കറ്റ് റോഡില്‍ പോസ്റ്റ് ഓഫീസിന് സമീപം നിര്‍മാണം പൂര്‍ത്തിയായ കാന്‍സര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞും പ്രവര്‍ത്തനം ആരംഭിക്കുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ ഉദ്ഘാടനവുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോയത്.
25 കോടി രൂപ മുടക്കില്‍ കൊച്ചി സ്മാര്‍ട് മിഷന് ലിമിറ്റഡ് (സിഎസ്എംഎല്‍) ആണ് കാന്‍സര്‍ ബ്ലോക്ക് നിര്‍മിച്ചത്. മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും നിര്‍മാണം പൂര്‍ത്തിയാകാന്‍ വീണ്ടും ഒരുമാസം കൂടിയെടുത്തു. പിന്നീട് ഉദ്ഘാടനം അനിശ്ചിതമായി നീളുകയായിരുന്നു. ഫയര്‍ എന്‍ഒസി കിട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസമാണ് വൈകാന്‍ ഇടയായതെന്നാണ് ജനറല്‍ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരുടെ വിശദീകരണം.
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാകേന്ദ്രമാണ് ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്. റീജണല്‍ കാന്‍സര്‍ സെന്ററില്‍ ലഭ്യമായ ചികിത്സകളൊക്കെ ഇവിടെയും ഒരുക്കിയിട്ടുണ്ട്. ബേസ്മെന്റ് ഉള്‍പ്പെടെ ഏഴ് നിലയുള്ള കെട്ടിടത്തില്‍ 105 കിടക്കളുണ്ട്. മൂന്ന്, നാല് നിലകളിലായുള്ള സ്ത്രീ, പുരുഷ വാര്‍ഡുകളില്‍ 21 വീതം ബെഡ്ഡുകളും രണ്ട് ഐസിയുകളിലായി 16 ബഡുകളും കീമോതെറാപ്പിക്ക് 20 ബെഡ്ഡുകളുമാണ് ഉള്ളത്. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലെ ആറില്‍ ഒന്നും പഴയ കെട്ടിടത്തിലെ അഞ്ചില്‍ ഒന്നും തിയറ്ററുകള്‍ കാന്‍സര്‍ രോഗികള്‍ക്കായി മാറ്റിവയ്ക്കും.
നിലവില്‍ ഡോ. ബാലമുരളികൃഷ്ണയുടെ നേതൃത്വത്തില്‍ അഞ്ച് ഡോക്ടര്‍മാരാണ് കാന്‍സര്‍ വിഭാഗത്തിലുള്ളത്. ഒപിയില്‍ ഒരേ സമയം രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും. 30 നഴ്സുമാരുമുണ്ട്. രക്തപരിശോധനയ്ക്കുള്ള സൗകര്യം ഇവിടെയില്ല എന്നത് മാത്രമാണ് ഏക പോരായ്മ. എങ്കിലും രക്തം ശേഖരിച്ച് അത് ആശുപത്രി ജീവനക്കാര്‍ തന്നെ ജനറല്‍ ആശുപത്രിയിലെ രക്തപരിശോധന കേന്ദ്രത്തില്‍ എത്തിക്കും.